ബംഗളൂരു: കർണാടകയിലെ ബിഡദിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽപെട്ടവരിൽ കൂടുതലും മലയാളികൾ. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്. ദാരുണമായ അപകടത്തിൽ കണ്ടക്ടർ അരുൺ, ഡ്രൈവർ മിഥിലേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്ക്. ഇവരിൽ നാലുപേരുടെ നില അതീവഗുരുതരമാണ്.
രാവിലെ 6.40 ഓടെ മൈസൂരു – ബംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ബോർഡിൽ ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു. പോലീസും പ്രാദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപെട്ടവരിൽ അധികവും മലയാളികളെന്നാണ് വിവരം.
റോഡരികിലെ ദിശാസൂചിക ബോർഡിൻ്റെ തൂണിലേക്ക് ബസ് ഇടിച്ചുകയറി മറിഞ്ഞെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. ഇന്ന് രാവിലെ 9.30 ഓടെ ബെംഗളൂരുവിൽ എത്തിച്ചേരേണ്ട ബസായിരുന്നു.
