Site icon Fourteen Kerala – 14 Kerala News

ആറ് ദിവസമായി കാത്തിരിപ്പാണ്; ഗവണ്‍മെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല’; വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍

വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലും, കൊല്ലം നീണ്ടകരയിലുമായി വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു. വിഴിഞ്ഞം സ്വദേശി ജോണ്‍, മുതലപ്പൊഴി സ്വദേശി ഷിജിന്‍, നീണ്ടകരയില്‍ നിന്ന് മീന്‍പിടുത്തത്തിന് പോയ ഗൗതം എന്നിവരെയാണ് ആറ് ദിവസം മുമ്പ് കാണാതായത്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ജോണിന്റെ മകള്‍ ജിജി ജോണ്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇതേ പരാതി തന്നെയാണ് ഷിജിലിന്റെയും ഗൗതമിന്റെയും കുടുംബങ്ങള്‍ക്കുമുള്ളത്.

18- 23 മൈല്‍ വരെ ദൂരം അകലെയാണ് ഈ ആക്‌സിഡന്റ് നടന്നതായിട്ട് പറയപ്പെടുന്നത്. ആ ഏരിയയില്‍ തിരച്ചിലിന് പോകുന്നുണ്ടോ എന്നതാണ് ചോദ്യം. പോകുന്നില്ല. പകുതി ദൂരം പോയിട്ട് തിരിച്ചുവരാനാണെങ്കില്‍ അതിന്റെ പേര് രക്ഷാപ്രവര്‍ത്തനം എന്നല്ല. ഇമ്മീഡിയറ്റ് ആയിട്ടുള്ള റസ്‌പോണ്‍സ് എവിടെയാണ്. മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ ഒരു അപകടം വന്നാല്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം എവിടെയാണ്- ജിജി ജോണ്‍ ചോദിച്ചു.

പോരായ്മ പറയുമ്പോള്‍ മാത്രമാണ് അവര്‍ പരിശോധിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. നാട്ടിലെ മത്സ്യ തൊഴിലാളികളാണ് തിരച്ചില്‍ നടത്തുന്നതെന്നും ഇവര്‍ പറയുന്നു. ആറ് ദിവസം കൊണ്ട് കാത്തിരിപ്പാണ്. സംവിധാനങ്ങളൊന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല. ഗവണ്‍മെന്റിന്റെ ഉണര്‍ന്നുള്ള പ്രവര്‍ത്തനം ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. സ്‌കൂബാ ടീമിനെ കൊണ്ടുവരണമെന്ന് പറഞ്ഞിട്ട് ഇതുവരെ ഒരു അനക്കവുമില്ല – ബന്ധുക്കള്‍ പറയുന്നു.

അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ട വള്ളം. അപകടസമയത്ത് വള്ളത്തില്‍ നാലുപേരുണ്ടായിരുന്നു. രണ്ട് പേര് നീന്തി രക്ഷപെട്ടു. ഇനി കണ്ടെത്താനുള്ളത് അഞ്ചുതെങ്ങ് സ്വദേശി ഷിജിനെയാണ്. ജൂലൈ 31 പുലര്‍ച്ചയുണ്ടായ ശക്തമായ തിരയിലും കാറ്റിലും ആണ് വള്ളം മറിഞ്ഞത് . ആറു ദിവസങ്ങള്‍ കഴിഞ്ഞിട്ടും തൊഴിലാളികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ കുടുംബങ്ങള്‍ക്ക് കടുത്ത അതിര്‍പ്തിയുണ്ട്. തിരച്ചില്‍ കാര്യക്ഷമം അല്ലെന്നാണ് പരാതി. മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍ എത്തിയതിനുശേഷം ആണ് മുന്നറിയിപ്പുകള്‍ നല്‍കിയതെന്നും ആരോപണമുണ്ട്.

Exit mobile version