Site icon Fourteen Kerala – 14 Kerala News

അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി

കോഴിക്കോട് : വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പ കേസിൽ അറസ്റ്റിലായ ഭാരവാഹികൾക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നു. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ സുധീർ കുമാർ, പ്രീണ എന്നിവർക്കെതിരെ രണ്ട് പുതിയ കേസുകൾ കൂടി പോലീസ് രജിസ്റ്റർ ചെയ്തു. രണ്ട് പരാതികളിലായി 30 ലക്ഷം രൂപയുടെ തട്ടിപ്പാണ് പുതുതായി പുറത്തുവന്നിട്ടുള്ളത്.

മണിയൂർ ഇളമ്പിലാട് സ്വദേശി ഭാസ്‌കരന്റെ പരാതിയിൽ 13 ലക്ഷം രൂപയുടെ വഞ്ചനയ്ക്കാണ് കേസെടുത്തത്. 2021 മുതൽ പല ഘട്ടങ്ങളിലായി ഭാസ്‌കരനെ കൊണ്ട് പ്രതികൾ തുക സൊസൈറ്റിയിൽ നിക്ഷേപിപ്പിക്കുകയായിരുന്നു. മടപ്പള്ളി കോളേജ് സ്വദേശി സുരേന്ദ്രനും ഭാര്യയും നൽകിയ രണ്ടാമത്തെ പരാതിയിൽ 17 ലക്ഷം രൂപയുടെ തട്ടിപ്പും വ്യക്തമാക്കുന്നു. 2022 ജനുവരി മുതൽ വിവിധ ഘട്ടങ്ങളിലായി നിക്ഷേപിച്ച തുകയുടെ മുതലോ പലിശയോ കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകിയില്ലഎന്നാണ് എഫ് ഐ ആറിൽ പറയുന്നത്.

സൊസൈറ്റിയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടന്നതായാണ് വിവരങ്ങൾ. കേസിൽ പ്രതികൾ അറസ്റ്റിലായതോടെ വഞ്ചിക്കപ്പെട്ട കൂടുതൽ നിക്ഷേപകർ പരാതികളുമായി പോലീസിനെ സമീപിക്കുകയാണ്. പ്രതികൾക്കെതിരെ സമാന രീതിയിലുള്ള കൂടുതൽ കേസുകൾ വരും ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തേക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.

ഒരു മാസം മുൻപാണ് ഇബ്രാഹിം കുട്ടി സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കിയത്. യുഡിഎഫ് നിയന്ത്രണത്തിൽ 13 വർഷം മുൻപ് തുടങ്ങിയ വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകനായിരുന്നു ഇബ്രാഹീം കുട്ടി. ഇബ്രാഹീം കുട്ടിക്കും കുടുംബത്തിനുമായി 22 ലക്ഷം രൂപയാണ് സൊസൈറ്റിയിൽ നിന്ന് ലഭിക്കാനുണ്ടായിരുന്നത്.

പണം തിരികെ ലഭിക്കാൻ നിരവധി തവണ സൊസൈറ്റിയിലും സുധീർ കുമാറിന്റെ വീട്ടിലും കയറിയിറങ്ങിയ ഇബ്രാഹീം ഹാജി പൊലീസിലും പരാതി നൽകിയിരുന്നു. വർഷങ്ങളായി വീട്ടുകാരുമായി അകന്ന്, നഗരത്തിലെ വാടകമുറികളിൽ മാറി മാറി താമസിക്കുകയായിരുന്ന അദ്ദേഹം ഒടുവിൽ ഗതികെട്ടാണ് ഈ ദാരുണമായ വഴി തിരഞ്ഞെടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.

Exit mobile version