Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

കോഴിക്കോട് : വടകര സ്കൂളിലേക്ക് ബസ്സിൽ പോകുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി. വടകര ചെരണ്ടത്തൂർ നീലിയേടത്ത് മീത്തൽ വീട്ടിൽ ചന്ദ്രൻ എൻ. എം (59) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂൺ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ ബസിൽ സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ മുക്കാളിയിൽ വെച്ച് പ്രതി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് കുട്ടിക്ക് ഇറങ്ങേണ്ട ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ അനുവദിക്കാതെ വടകരയിലേക്ക് കടത്തിക്കൊണ്ടുപോകുകയും ചെയ്തു.

ബസിലെ സിസിടിവി ദൃശ്യങ്ങളും ഇരയായ കുട്ടി നൽകിയ അടയാള വിവരങ്ങളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. രൂപസാദൃശ്യമുള്ള നിരവധി ആളുകളെ നിരീക്ഷണത്തിലാക്കിയ ശേഷമാണ് ചോമ്പാല എസ്.എച്ച്.ഒ ഷമീൽ പി.പി, എ.എസ്.ഐ സിജിൽ കുമാർ, എസ്.സി.പി.ഒ ഷമീർ വി.കെ.ടി, സി.പി.ഒമാരായ രജീഷ് ആർ, രാജേഷ് എം. കെ, ശ്രീജേഷ് സി എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്. വടകര ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Exit mobile version