Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പേരാമ്പ്രയിലെ എംഡിഎംഎ വേട്ട; പിടിയിലായ ലഹരി സംഘം റിമാൻഡിൽ

പേരാമ്പ്ര: പേരാമ്പ്രയിൽ വൻ എം.ഡി.എം.എ ശേഖരവുമായി പിടിയിലായ അന്തർസംസ്ഥാന ലഹരി വിൽപ്പന സംഘത്തെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചേരാപുരം സ്വദേശികളായ പുത്തൻപുരയിൽ മുഹമ്മദ് തസ്‌നീം, പിലാക്കുൽസ് സിറാജ്, കർണാടക സ്വദേശിയായ മുഹമ്മദ് യാസിൻ എന്നിവരെയാണ് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്.

ശനിയാഴ്ച രാത്രി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. വാല്യക്കോട് കനാൽ റോഡ് ജംഗ്ഷനിൽ വെച്ച് പോലീസിന്റെ മിന്നൽ പരിശോധനയിലാണ് സംഘം വലയിലായത്. വടകര റൂറൽ എസ്.പി. മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി പോലീസ് സംഘം ഇവരെ വീക്ഷിച്ചു വരികയായിരുന്നു.

പ്രതികളിൽ നിന്ന് 51.432 ഗ്രാം എം.ഡി.എം.എയും, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്നു കരുതുന്ന 8.5 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. കൂടാതെ ഇവർ സഞ്ചരിച്ചിരുന്ന കർണാടക രജിസ്ട്രേഷൻ കാറും നാല് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Exit mobile version