കോഴിക്കോട് : നാദാപുരത്ത് സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ജീപ്പിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണു. പിന്നാലെ വന്ന മറ്റൊരു വാഹനം അതിസാഹസികമായി നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥിയാണ് ജീപ്പിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണത്. നാദാപുരം സി.സി. യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി പാറക്കടവിലെ ഇർഷാദിന്റെ മകൻ ഇൻസാഫ് റഹ്മാനാണ് റോഡിൽ വീണ് സാരമായ പരിക്കേറ്റത്.ഇന്നലെ വൈകിട്ട് നാലരയോടെ തൂണേരി പട്ടാണിക്കരിന് സമീപത്തെ പെട്രോൾ പമ്പിനു മുന്നിലാണ് അപകടം. തലക്കും കൈക്കും സാരമായ പരിക്കേറ്റ കുട്ടിയെ ആദ്യം പാറക്കടവ് സുകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കുട്ടി ജീപ്പിന്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്നു. ഓട്ടത്തിനിടയിൽ ഡോർ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്.
ഇടതടവില്ലാതെ വാഹനം ചീറിപ്പായുന്ന റോഡിൽ കുട്ടി വലിയൊരു ദുരന്തത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.ഏതാനും നാൾ മുമ്പ് കുട്ടിയുടെ സഹോദരിയടക്കം രണ്ടുപേർ പുള്ളിയാവിൽ വെച്ച് ഇതേ രൂപത്തിൽ അപകടത്തിൽപെട്ടതായും അന്ന് രമ്യതയിൽ എത്തുകയായിരുന്നുവെന്നും കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.
ജീപ്പിൽ ഡ്രൈവറെ സഹായിക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല എന്ന് പരാതിയുണ്ട്. സംഭവത്തിൽ പൊലീസിലും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
