കോഴിക്കോട് : കൊയിലാണ്ടി നന്തി മേൽപ്പാലത്തിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം.
വടകര ഭാഗത്തുനിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും, കൊയിലാണ്ടി ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുമാണ് മേൽപ്പാലത്തിൽ വെച്ച് നേർക്കുനേർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പ്രദേശത്തെ സന്നദ്ധ പ്രവർത്തകരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ബസിൽ നിന്നും പുറത്തെടുക്കുകയും ചെയ്തു. പരിക്കേറ്റ യാത്രക്കാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും നന്തിയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
