Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമണം; പത്ത് പേർക്ക് കടിയേറ്റു

കോഴിക്കോട് : വടകര നഗരസഭയിൽ പുത്തൂരിലും അടക്കാത്തെരുവിലും തെരുവുനായുടെ കടിയേറ്റ് പത്ത് പേർക്ക് പരിക്ക്.

പൂത്തൂർ, ചെറുശേരി റോഡ്, അടക്കാത്തെരു എന്നിവിടങ്ങളിലായാണ് വയോധികർ ഉൾപ്പെടെയുള്ളവർക്ക് തെരുവുനായുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളജിലും ആറു പേരെ വടകര ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പുത്തൂർ കുനിയിൽ പ്രഭാകരൻ (52), ഭാര്യ ഗീത (59), മണിയൂർ കുറുന്തോടി പറമ്പത്ത് മീത്തൽ രജീഷ് (40), പുത്തൂർ കുനിയിൽ മൈഥിലി (84), ചെറുശ്ശേരി റോഡിൽ ശ്രീലക്ഷ്മിയിൽ രേണുക (68), പുത്തൂർ മീനത്ത് നളിനി (67), പുത്തൂർ വെണ്ണം പൊയിൽ ചന്ദ്രി (65), മകൻ ഷനിൽ കുമാർ (42), അടക്കാത്തെരു കൊല്ലന്റവിട സിജു, തേക്കന്റവിട വിനീത തുടങ്ങിയവർക്കാണ് കടിയേറ്റത്.

മൈഥിലി, ഗീത, പ്രഭാകരൻ, രജീഷ് എന്നിവരെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ വീടിനകത്ത് കയറിയാണ് നായ് കടിച്ചത്.തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് അടക്കാത്തെരുവിലെ സിജുവിനും വിനീതക്കും വീടിനു സമീപത്തുവെച്ച് ആദ്യം കടിയേറ്റത്.പിന്നീട് രാവിലെ 11.30 ഓടെയാണ് ചെറുശ്ശേരി റോഡ് വഴി പുത്തൂരിലേക്കുള്ള ഓട്ടത്തിനിടയിൽ വീടുകളിൽ അടക്കം കയറി നായ് പരാക്രമം കാണിച്ചത്. വീട്ടിലെ വരാന്തയിലുണ്ടായിരുന്ന പ്രഭാകരനെ കടിച്ച നായ് അലക്കുകയായിരുന്ന ഭാര്യ ഗീതയെയും കടിച്ച് പരിക്കേൽപിച്ചു.

പിന്നീട് വീടുകളിലുളളവരെയും കാൽനടക്കാരെയും ഉൾപ്പെടെ നായ് കണ്ണിൽ കണ്ടവരെയൊക്കെ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
നായുടെ കടിയേറ്റ് കാലിനും കൈക്കും പൊട്ടലേറ്റവരെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. സംഭവം അറിഞ്ഞ് നഗരസഭ ചെയർപേഴ്സൻ പി.കെ. ശശി, സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. വിനു, കൗൺസിലർമാരായ സുനിത രാജീവൻ, സി.കെ. ശ്രീജിന, പി. സോമശേഖരൻ, ബിജുൽകുമാർ ആയാടത്തിൽ എന്നിവർ ആശുപത്രിയിലെത്തി.

Exit mobile version