Site icon Fourteen Kerala – 14 Kerala News

കോർപ്പറേഷൻ സ്റ്റേഡിയം മോടിപിടിപ്പിക്കാൻ കേരള ഫുട്ബോൾ അസോസിയേഷൻ

കോഴിക്കോട് : സൂപ്പർ ലീഗ് കേരള, ഐ. ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തിരിതെളിയാനിരിക്കെ കോർ‌പ്പറേഷൻ സ്റ്റേഡിയം മോടിപിടിപ്പിക്കാൻ കേരള ഫുട്ബോൾ അസോസിയേഷൻ. ഫ്ലഡ് ലൈറ്റുകൾ, അന്താരാഷ്ട്രനിലവാരമുള്ള പുൽമൈതാനമുൾപ്പടെയുള്ള പ്രവൃത്തികൾ ഈ മാസം അവസാനത്തോടുകൂടി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അസോസിയേഷൻ കരുതുന്നത്. പഴയരീതിയിലുള്ള ഫ്ളഡ് ലൈറ്റുകളാണ് ഇപ്പോഴുള്ളത്. എന്നാൽ ബൾബുകൾ മാറ്റുന്നതോടുകൂടി പുതിയനിലവാരത്തിലേക്ക് ഉയരും. പുതിയലൈറ്റുകൾ വെള്ളിയാഴ്ചയെത്തുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി കെ. ഷാജേഷ് കുമാർ പറഞ്ഞു. ഐ.എസ്.എൽ. മാതൃകയിൽ സംസ്ഥാനത്തെ ആറുക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന ‘സൂപ്പർ ലീഗ് കേരള’, ഐ. ലീഗ് തുടങ്ങിയ വിവിധമത്സരങ്ങൾക്ക് സ്റ്റേഡിയം വേദിയാകും.

ഐ. ലീഗിൽ കളിക്കുന്ന ഗോകുലം കേരളയുടെയും സൂപ്പർലീഗ് കേരളയിൽ കളിക്കുന്ന കാലിക്കറ്റ് എഫ്.സി.യുടെയും കണ്ണൂർ ടീമിന്റെയും ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം. ഇപ്പോൾ കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ ചുമതല കേരള ഫുട്ബോൾ അസോസിയേഷനാണ് നൽകിയിരിക്കുന്നത്. സെപ്റ്റംബർ ആദ്യമാണ് സൂപ്പർലീഗ് മത്സരങ്ങൾ കൊച്ചിയിൽ ആരംഭിക്കുന്നത്. അതിനുശേഷമുള്ള മത്സരങ്ങൾ കോഴിക്കോട്ടുനടക്കും. ഒക്ടോബർ അവസാനത്തോടെ ഐ. ലീഗ് മത്സരങ്ങളും ആരംഭിക്കും. വി.ഐ.പി. ഗാലറിയിലെ ഇരിപ്പിടങ്ങൾ ശരിയാക്കുകയും മേൽക്കൂരസ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കുന്നതും ഫുട്ബോൾ അസോസിയേഷന്‍റെ ആലോചനയിലുണ്ട്.

Exit mobile version