Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണം; രണ്ടുപേർക്ക് കടിയേറ്റു

കോഴിക്കോട്: നാദാപുരം എടച്ചേരിയിൽ തെരുവുനായ ആക്രമണം. വ്യാഴാഴ്ച സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിക്കും അതിഥി തൊഴിലാളികൾക്കും നായയുടെ കടിയേറ്റു. എടച്ചേരി പഞ്ചായത്തിലെ കാക്കന്നൂർ ഭാഗത്തെ പതിനാറുകാരനാണ് കടിയേറ്റത്.

കാലത്ത് 8.30-ന് ഓർക്കാട്ടേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകാനായി പുതിയങ്ങാടി ടൗൺ ബസ്‌സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് തെരുവുനായ കടിച്ചത്. പിന്നിലൂടെ കുതിച്ചെത്തിയ നായ അപ്രതീക്ഷിതമായാണ് വിദ്യാർഥിയുടെ തുടയുടെ പിൻഭാഗത്ത് കടിച്ചുപരിക്കേൽപ്പിച്ചത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നായയെ ഓടിച്ചെങ്കിലും ടൗണിൽ ഭീതിപരത്തി തലങ്ങും വിലങ്ങും പരക്കം പാഞ്ഞു.

അതിനിടയിൽ ജോലിക്കുപോകാനിരുന്ന അതിഥി തൊഴിലാളിയെയും കടിച്ചു. വടകരയിലെ സർക്കാർ താലൂക്കാശുപത്രിയിൽനിന്ന്‌ കുത്തിവെപ്പെടുത്തശേഷം വീട്ടിൽ വിശ്രമത്തിലാണ് വിദ്യാർത്ഥി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയങ്ങാടി ടൗണിലും പരിസരങ്ങളിലുമായി തെരുവുനായശല്യം രൂക്ഷമാണ്.

Exit mobile version