Site icon Fourteen Kerala – 14 Kerala News

നിർമാണത്തിനിടെ ആരോഗ്യകേന്ദ്രം കെട്ടിടം തകർന്നു

കുറ്റ്യാടി : മരുതോങ്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം നിർമാണത്തിനിടെ തകർന്നു. രണ്ടാംനിലയുടെ നിർമാണപ്രവൃത്തിക്കിടെയാണ് കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നത്. രണ്ടാംനില വാർക്കുന്നതിനായി കോൺക്രീറ്റ് മിക്സറിൽ തയ്യാറാക്കിവെച്ച കോൺക്രീറ്റ് മിശ്രിതം യന്ത്രത്തിന്റെ കുഴലിലൂടെ പുറത്തേക്ക് തള്ളുന്നതിനിടെ തട്ടടിച്ച ഭാഗം തകരുകയും കോൺക്രീറ്റ് മിശ്രിതം താഴെവീഴുകയുമായിരുന്നു.

താഴെവീണ ഇരുമ്പ് തട്ട് വളഞ്ഞനിലയിലാണ്. പ്രവൃത്തി താത്കാലികമായി നിർത്തിവെച്ചു. മെഷീൻ പ്രവർത്തിപ്പിച്ചതിലെ അപാകമാണ് തട്ട് തകർന്ന് കോൺക്രീറ്റ് താഴെവീഴാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, മെഷീൻ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യാനാവശ്യമായ ബലം കെട്ടിടത്തിനില്ലെന്നും കെട്ടിടത്തിന്റെ താഴത്തെനിലയിൽ പലഭാഗങ്ങളിലും വിള്ളലുകളുണ്ടെന്നും നാട്ടുകാർ പറഞ്ഞു. എം.പി.ഫണ്ടിൽനിന്ന് മുപ്പത് ലക്ഷം രൂപ വകയിരുത്തി രണ്ടുമാസംമുമ്പാണ് കെട്ടിടനിർമാണം തുടങ്ങിയത്. കോൺക്രീറ്റ് ചെയ്യാൻ തുടങ്ങുമ്പോഴേക്കും ചെറിയഭാഗം അടർന്നുവീണത് പ്രവൃത്തിയിലെ അപാകം മൂലമാണെന്ന് ആക്ഷേപമുണ്ട്.

Exit mobile version