Site icon Fourteen Kerala – 14 Kerala News

ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടു; കോഴിക്കോട് പൊലീസിനെ അക്രമിച്ച പോക്സോ കേസ് പ്രതിയും കൂട്ടാളികളും റിമാണ്ടിൽ

കോഴിക്കോട്: പൊലീസിന് നേരെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടു, ലൈംഗിക അതിക്രമം തടയാനെത്തിയ കുട്ടികളെ കടലിൽ മുക്കി കൊല്ലാൻ ശ്രമിച്ചു. കോഴിക്കോട് അഴിഞ്ഞാടിയ പോക്സോ കേസ് പ്രതിയും കൂട്ടാളികളും ഒടുവിൽ ജയിലിലായി . ബീച്ചിൽ പ്രായപൂർത്തിയാകാത്ത കുട്ടിയോട്‌ ലൈംഗികാതിക്രമം നടത്തുകയും ഒപ്പമുണ്ടായവരെ ആക്രമിക്കുകയും ചെയ്‌ത ക്രിമിനലിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ക്വട്ടേഷൻ സംഘത്തലവൻ പന്നിയങ്കര സ്വദേശി നൈനൂക്ക് (40) ആണ്‌ പോക്‌സോ കേസിൽ അറസ്റ്റിലായത്‌. ഇയാളെ അറസ്റ്റ്‌ ചെയ്യാനെത്തിയ പൊലീസ്‌ സംഘത്തെ ആക്രമിച്ചതിന്‌ കൂട്ടാളികളായ നിഷാദ്, സാജർ, ജാസിം എന്നിവരെയും അറസ്റ്റ്‌ ചെയ്‌തു. ബുധൻ പുലർച്ചെയായിരുന്നു സംഭവം.

സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയെ നൈനൂക്ക്‌ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പ്രതിയെ പിടികൂടാൻ പന്നിയങ്കരയുള്ള വീട്ടിലെത്തിയ പൊലീസിനുനേരെ ഗ്യാസ്‌ സിലിണ്ടർ തുറന്നുവിട്ടു.

വീട് തുറക്കാതെ ആയുധങ്ങളുമായി വെല്ലുവിളിച്ചു. തുടർന്ന്‌ വീട്‌ ചവിട്ടിത്തുറന്നാണ്‌ സംഘത്തെ സാഹസികമായി കീഴ്‌പ്പെടുത്തിയത്‌. ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ ടൗൺ എസ്‌ഐ സുഭാഷ് ചന്ദ്രനും സംഘവുമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാർ ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് വാഹനം ആക്രമികൾ അടിച്ചുതകർത്തു. ആയുധവുമായി ആക്രമിച്ചതിനും വാഹനം തകർത്തതിനും പന്നിയങ്കര പൊലീസും കേസെടുത്തിട്ടുണ്ട്.

ടൗൺ സബ് ഇൻസ്പെക്ടർമാരായ ജിബിൻ ജെ ഫ്രഡി, മുഹമ്മദ് സിയാദ്, പന്നിയങ്കര എസ്‌ഐ കിരൺ, മനോജ് എടയടത്ത്, സിസിപിഒമാരായ സജേഷ് കുമാർ, ബിനിൽകുമാർ, ബഷീർ, സിപിഒമാരായ സി കെ സുജിത്ത്, പ്രവീൺകുമാർ, ജിതിൻ, ബിനുരാജ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായി.

Exit mobile version