Site icon Fourteen Kerala – 14 Kerala News

ലഹരിമരുന്ന് കേസ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപണം ; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ പ്രഭാകരന്‍, കെ.വി ഷാജിമോന്‍, സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ സുധീഷ് എന്നിവരെയാണ് എക്‌സൈസ് കമ്മീഷണർ സസ്‌പെന്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവിയുടേയും, എക്‌സൈസ് വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി . ഈ മാസം മൂന്നിനാണ് പരാതികൾക്കിടയാക്കിയ സംഭവം നടന്നത് . കർണാടകയിൽ നിന്ന് കാറിൽ വരികയായിരുന്ന മുനീർ, മുഹമ്മദ് ഷഹീർ എന്നിവരെ കഞ്ചാവ് ബീഡിയുമായി മുത്തങ്ങയിൽ വെച്ച് പൊലീസ് പിടികൂടുകയും ഇവരെ ചോദ്യം ചെയ്തതോടെ എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കടത്തിവിട്ടെന്നും പ്രതികൾ ആരോപണം ഉന്നയിച്ചു.

കൂടാതെ ബെംഗളൂരുവിൽ നിന്നും യുവാക്കൾ എംഡിഎംഎ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബും വാങ്ങിയിരുന്നു. യുവാക്കളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ 8000 രൂപ കൈകൂലി വാങ്ങിയെന്നാണ് ആരോപണം. അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

Exit mobile version