Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ജില്ലയിൽ മൂന്നു മാസത്തിനിടെ 92 ലഹരി കേസുകൾ; ഇരകളിൽ കൂടുതലും പെൺകുട്ടികൾ

കോഴിക്കോട്: 2023 മൂന്ന് മാസം പിന്നിടുമ്പോൾ ജില്ലയിൽ റിപ്പോർട് ചെയ്യപ്പെട്ടത് 92 രാസലഹരി കേസുകൾ. ഇവയിൽ ഇരകളിൽ ഏറെയും 25 വയസിൽ താഴെ വരുന്ന പെൺകുട്ടികൾ ആണെന്നതാണ് കൂടുതൽ ആശങ്ക ഉളവാക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയം 48 കേസുകൾ മാത്രമുണ്ടായപ്പോൾ ഈ വർഷം ഇരട്ടിയായെന്ന് എക്സൈസ് അധികൃതർ പറയുന്നു. പിടികൂടിയവയിൽ അധികവും എം.ഡി.എം.എ കേസുകളാണ്. ഗ്രാമിന് പതിനായിരത്തിലധികം രൂപയാണ് ഇതിന്റെ വില. എൽ.എസ്‌.ഡി, ബ്രൗൺഷുഗർ, ഹാഷിഷ്, ഹെറോയിൻ തുടങ്ങിയവയുമുണ്ട് ലിസ്റ്റിൽ. ആന്റി നാർക്കോട്ടിക് വിഭാഗത്തിന്റെ 2023ലെ കണക്കുപ്രകാരം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 40 പേരാണ് അറസ്റ്റിലായത്. വിദ്യാർത്ഥികളും യുവാക്കളുമാണ് അറസ്റ്റിലായവരിൽ കൂടുതൽ.

ശക്തമായ നടപടിയും ശിക്ഷയും ഇല്ലാത്തതാണ് രാസലഹരി വിൽപ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും പിടിക്കപ്പെടുന്നത് ചെറുകിട വിൽപ്പനക്കാരും ഉപഭോക്താക്കളും മാത്രമാണെന്നതാണ് വസ്തുത. പെൺകുട്ടികളിൽ ലഹരി ഉപയോഗം വൻ തോതിൽ കൂടിയിട്ടുണ്ടെന്നാണ് എക്സെെസും നാർക്കോട്ടിക് സെല്ലും വ്യക്തമാക്കുന്നത്. കൂടുതലും ഇരകളാകുന്നത് 21 വയസിന് താഴെയുള്ളവരാണ്. നേരത്തെ കോളേജുകളാണ് ലഹരിമാഫിയ നോട്ടമിട്ടിരുന്നതെങ്കിൽ ഇപ്പോൾ സ്കൂളുകളാണ് ഹബ്ബാക്കി മാറ്റുന്നതെന്നും പെൺകുട്ടികളുമായി സൗഹൃദം നടിച്ച് അടുത്തുകൂടി ലഹരി ഉപയോഗിക്കാനും കാരിയാറാകാനും പ്രേരിപ്പിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Exit mobile version