Site icon Fourteen Kerala – 14 Kerala News

അവസാനിക്കാതെ റാഗിംഗ്; കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു

കോഴിക്കോട്: വടകരയിൽ റാഗിംഗ് ക്രൂരത അവസാനിക്കാതെ തുടരുന്നു. കഴിഞ്ഞദിവസം റാഗിങ്ങിന്റെ പേരിൽ വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു. വേളം ചേരാപുരം സ്വദേശി തോട്ടത്തിൽ മുഹമ്മദ് നിഹാൽ (17)നാണ് മർദ്ദനമേറ്റത്. മേമുണ്ടയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിഹാൽ.

സീനിയർ വിദ്യാർത്ഥികളാണ് യാതൊരു മനുഷ്യസഹജവും കാണിക്കാതെ ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ നിഹാൽ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു പേർ അടങ്ങുന്ന സംഘം കാന്റീനിൽ വെച്ച് നിഹാലിന്റെ മുഖത്തും തലയ്ക്കും പുറകിലും സ്റ്റീൽ ഗ്ലാസ് കൊണ്ട് അടിച്ചതോടെ ബോധരഹിതനായി നിലത്തു വീണു.

തുടർന്ന് സ്കൂൾ അധികൃതർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷൂ ധരിച്ചതിനും ഹെയർ സ്റ്റൈലിന്റെ പേരിലുമായിരുന്നുമത്രെ മർദ്ദനം. മുമ്പും സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചിരുന്നതായി ആരോപണമുണ്ട്.

മുഖത്തു പരിക്കേറ്റതിനാൽ നിഹാലിന് ഇപ്പോൾ സംസാരിക്കാൻ പറ്റുന്നില്ല. വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന സാഹചര്യമാണുള്ളത്. മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും നിഹാലിന് സംസാരിക്കാൻ പറ്റാത്തതിനാൽ സാധിച്ചില്ല.

കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞ ഉടനെ വടകരക്കാർ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്.

ഒരുകാലത്ത് വടകരയിൽ കേട്ടുകേൾവി മാത്രമുള്ള റാഗിംഗ്, ഇപ്പോൾ നാട്ടിൻപുറങ്ങളിൽ പോലും സജീവമാണ് എന്നുള്ളത് വളരെ ആശങ്കയാണ് സമൂഹത്തിൽ സൃഷ്ടിക്കുന്നത്. ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ട കോളേജ് അധികൃതരും പൊലീസും ഉചിതമായ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version