Site icon Fourteen Kerala – 14 Kerala News

വീടിന് മുകളിൽ ചാരായ വാറ്റ് കേന്ദ്രം; പുലർച്ചെ വീട് വളഞ്ഞ് മിന്നൽ റെയ്ഡ്, മൂന്ന് പേർ പിടിയിൽ

വടകര: മണിയൂർ പഞ്ചായത്തിലെ എളമ്പിലാട് വീട് കേന്ദ്രീകരിച്ച് വ്യാജ ചാരായം വാറ്റുകയായിരുന്ന മൂന്നു പേർ പിടിയിൽ. വടകര എക്സൈസ് സർക്കിൾ സംഘം നടത്തിയ മിന്നൽ റെയ്ഡിലാണ് ഇവർ പിടിയിലായത്. എളമ്പിലാട് കോയക്കുറ്റി വയൽ പരിസരത്തെ വണ്ണത്താൻ കണ്ടി അഖിലേഷിന്‍റെ വീട് കേന്ദ്രീകരിച്ച് വാറ്റ് നടത്തുന്നതിനിടെയാണ് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തി വാറ്റ് സംഘത്തെ പിടികൂടിയത്.

അഖിലേഷിനൊപ്പം സഹായികളായ പൊയിൽ മീത്തൽ ഷൈജു, വള്ളു പറമ്പിൽ സുനിൽ കുമാർ എന്നിവരെയും എക്സൈസ് സംഘം വീട് വളഞ്ഞ് പിടികൂടി. വാറ്റി കാനിലാക്കി സൂക്ഷിച്ച 10 ലിറ്റർ ചാരായവും, ചാരായം വാറ്റാനായി സൂക്ഷിച്ച 50 ലിറ്റർ വാഷും 30 ലിറ്ററോളം സ്പെൻഡ് വാഷും ഇവിടെ നിന്ന് പിടികൂടി.

ഗ്യാസ് സ്റ്റൗ, അടുപ്പ് എന്നിവ വീടിന് മുകളിൽ സജ്ജീകരിച്ചാണ് വാറ്റ് നടത്തിയിരുന്നത്. വാഷ് സൂക്ഷിച്ച പ്ലാസ്റ്റിക് കന്നാസുകൾ, അലുമിനിയം പാത്രങ്ങൾ, വാറ്റുപകരണങ്ങൾ എന്നിവയും അധികൃതർ പിടികൂടി. ഇന്ന് പുലർച്ചെ 1.10 ഓടെ എക്സൈസ് പ്രിവന്‍റീവ് ഓഫിസർ തറോൽ രാമചന്ദ്രന്‍റെ നേതൃത്വത്തിലാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. വിവാഹ വീടുകളിലേക്ക് ഓർഡർ അനുസരിച്ച് ചാരായം എത്തിക്കുന്ന സംഘമാണ് പിടിയിലായതെന്ന് അധികൃതർ പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Exit mobile version