Site icon Fourteen Kerala – 14 Kerala News

വയോധികനെ തട്ടികൊണ്ട് പോയി ഒരു വ‍ർഷം തടവിൽ പാ‍ർപ്പിച്ചു; മൂന്ന് പേർക്കെതിരെ കേസ്

കോഴിക്കോട്: വയോധികനെ തട്ടികൊണ്ട്‌പോയി ഒരു വര്‍ഷം തടവില്‍ പാര്‍പ്പിച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ മൂന്ന് പേക്കെതിരെ കേസെടുത്തു. തൊണ്ടയാട് മാണിയാടത്ത് പറമ്പില്‍ മാധവന്‍ നായരെ(88) യാണ് തട്ടികൊണ്ട് പോയത്. സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശി ഹിഷാം, തൊണ്ടയാടത്ത് മാണിയാടത്ത് രാജു, തൊണ്ടയാടത്ത് മാണിയാടത്ത് മനോജ് എന്നിവര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്.

മാധവന്‍ നായരെ ഹിഷാമിന്റെ രാരിച്ചന്‍ റോഡിലുള്ള വാടക വീട്ടിലാണ് തടവില്‍ പാര്‍പ്പിച്ചത്. ഭീഷണിപ്പെടുത്തി വ്യാജരേഖകള്‍ ഉണ്ടാക്കി ബാങ്ക് അക്കൗണ്ടിലെ പണവും പെന്‍ഷന്‍ഷനും തട്ടിയെടുത്തെന്ന് പരാതിയുണ്ട്. മാധവന്‍ നായരെ ഭീഷണിപ്പെടുത്തി കോടതിയില്‍ കള്ളകേസ് കൊടുപ്പിച്ചിരുന്നു. സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന പേരില്‍ ബന്ധുക്കള്‍ക്കെതിരെയാണ് കേസ് നല്‍കിയത്. മാധവന്‍ നായരുടെ തൊണ്ടായാട് ബൈപ്പാസിലുണ്ടായിരുന്ന രണ്ടര കോടിയോളം വില വരുന്ന വസ്തു തട്ടിയെടുക്കാനായിരുന്നു പ്രതികള്‍ ശ്രമിച്ചത്.

പല തവണയായി കേസിനെ തുടര്‍ന്ന് എതിര്‍ കക്ഷികള്‍ കോടതിയില്‍ ഹാജരായപ്പോഴും മാധവന്‍ നായര്‍ ഹാജരായില്ല. പരാതിക്കാരന്‍ നിര്‍ബന്ധമായും ഹാജരാകണം അല്ലെങ്കില്‍ നാലുലക്ഷം രൂപ കെട്ടിവെക്കണം എന്ന് കോടതി ഉത്തരവിട്ടു. ഉത്തരവിനെ തുടര്‍ന്നാണ് പ്രതികള്‍ മാധവന്‍ നായരെ കോടതിയില്‍ ഹാജരാക്കിയത്.

Exit mobile version