Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസ്; രണ്ട് ഡിവൈഎഫ്ഐക്കാര്‍ കൂടി കീഴടങ്ങി

കോഴിക്കോട് : മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസിൽ രണ്ട് ഡിവൈഎഫ്ഐക്കാർ കൂടി കീഴടങ്ങി. നിഖിൽ സോമൻ, ജിതിൻ രാജ് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

കേസിൽ അറസ്റ്റിലായ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മെഡിക്കൽ കോളജിലെ കരാർ ജീവനക്കാരായ സുരക്ഷാ ഉദ്യോഗസ്ഥർ ആരോഗ്യ പ്രവർത്തകരുടെ പരിധിയിൽ വരില്ല എന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു ജാമ്യം.

ഓഗസ്റ്റ് 30നായിരുന്നു കേസിനാസ്പദമായ സംഭവം അനുമതിയില്ലാതെ ആശുപത്രിക്കുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ ജില്ലാ നേതാവിനെയും കുടുംബത്തെയും തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെ മറ്റൊരു സംഘം എത്തി ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവം ചിത്രീകരിച്ച മാധ്യമ പ്രവർത്തകനും മർദനമേറ്റു. അക്രമത്തിൽ 3 സെക്യൂരിറ്റി ജീവനക്കാരുൾപ്പെടെ 4 പേർക്കാണ് പരുക്കേറ്റത്.

Exit mobile version