Site icon Fourteen Kerala – 14 Kerala News

ചടയമംഗലത്തെ നഗ്നപൂജയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും ഇരയായി; പ്രതിക്കെതിരെ പുതിയ കേസ്

കൊല്ലം : ചടയമംഗലത്ത് അബ്ദുൽ ജബ്ബാർ എന്ന മന്ത്രവാദി നഗ്നപൂജ നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു എന്ന് തെളിവ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നപൂജ നടത്തിയതിൽ പോക്സോ വകുപ്പ് പ്രകാരമാണ് അബ്ദുൽ ജബ്ബാറിനെതിരെ പുതിയ കേസ് ചുമത്തിയത്.

പെൺകുട്ടികളെ നഗ്നപൂജ ചെയ്ത് അബ്ദുൽ ജബ്ബാറും സംഘവും നടത്തുന്ന മന്ത്രവാദ പ്രവർത്തനങ്ങളെ സംബന്ധിച്ച വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് കൂടുതൽ പേർ പരാതിയുമായി പൊലീസിന് മുമ്പിൽ എത്തുന്നത്. മൂന്നുവർഷം മുമ്പ് അബ്ദുൽ ജബ്ബാറും സിദ്ധിക്കും ശ്രുതിയും ചേർന്ന് പ്രായപൂർത്തിയാവാത്തെ പെൺകുട്ടിയെ കന്യകാ പൂജ നടത്തിയെന്ന പരാതിയാണ് പൂയപ്പള്ളി സ്റ്റേഷനിൽ നിലവിൽ ലഭിച്ചിട്ടുള്ളത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പൊലീസ് നിലവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മന്ത്രവാദത്തിനുപയോഗിച്ചതിനും കടന്നുപിടിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോക്സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിലും പെൺകുട്ടിക്കും ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു മന്ത്രവാദം. അബ്ദുൽ ജബ്ബാർ കറുത്ത വസ്ത്രം ധരിച്ചാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

Exit mobile version