Site icon Fourteen Kerala – 14 Kerala News

പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണം; തൊഴിലാളിക്ക് പരിക്ക്

ചക്കിട്ടപ്പാറ: പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. മുതുകാട് മടത്തുവിളയില്‍ എം.എം റീജു(45)വിനാണ് പരിക്കേറ്റത്. പേരാമ്പ്ര സ്റ്റേറ്റ് സി ഡിവിഷന്‍ തൊഴിലാളിയാണ്. നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്റ്റേറ്റില്‍ രാത്രി കാവല്‍ ജോലിക്കിടെ കാട്ടാന തുമ്പിക്കൈയിലെടുത്ത് വലിച്ചെറിയുകയായിരുന്നു. നിലവിളികേട്ടെത്തിയ തൊഴിലാളിയാണ് ആശുപത്രിയിലെത്തിച്ചത്. ആയിരക്കണക്കിന് റബര്‍മരങ്ങള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു.

പ്രദേശത്ത് കാട്ടാന ശല്യം അടുത്തകാലത്തായി വര്‍ദ്ധിച്ചു വരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. വളരെ ഭയത്തോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെ ഇവിടെ ജോലിചെയ്യുന്നത്. കാട്ടാനകള്‍ കൂട്ടമായാണ് വനത്തില്‍ നിന്ന് എസ്റ്റേറ്റില്‍ ഇറങ്ങുന്നത്. പലയിടത്തും വൈദ്യുതവേലികള്‍ പ്രവര്‍ത്തന ക്ഷമമല്ല. പല ഭാഗത്തും രാത്രിവെളിച്ചമില്ല. കാട്ടാനയെ തുരത്താന്‍ ഓലപ്പടക്കമല്ലാതെ മറ്റൊരു സംവിധാനവുമില്ല.

കാട്ടാനശല്യം തടയാന്‍ വനം വകുപ്പും പ്ലാന്റേഷന്‍ കോര്‍പറേഷനും അടിയന്തര നടപടി സ്വീകരിക്കണമെന്നും തൊഴിലാളികളെ സംരക്ഷിക്കണ മെന്നും ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ പേരാമ്പ്ര ഏരിയ എസ്റ്റേറ്റ് റബര്‍ യൂണിയന്‍ സിഐടിയു അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ സുനില്‍ അറിയിച്ചു. യോഗത്തില്‍ കെ ടി സതീഷ് അധ്യക്ഷനായി.

Exit mobile version