Site icon Fourteen Kerala – 14 Kerala News

ലഹരിക്കായി മരുന്നുകളുടെ ദുരുപയോഗം; ആരോഗ്യവകുപ്പ് നടപടി തുടങ്ങി

കോഴിക്കോട്: ജീവൻരക്ഷാ, വേദനസംഹാരി, വിഭാഗത്തിൽ ഉൾപ്പെട്ട മരുന്നുകൾ വ്യാപകമായി ലഹരിക്കു വേണ്ടി ദുരുപയോഗം ചെയ്യപ്പെടുമ്പോഴും വിൽപനയ്ക്കു കൃത്യമായ മാർഗനിർദേശം പാലിക്കുന്നില്ലെന്നു പരാതി. വിദ്യാർഥികൾ അടക്കമുള്ളവർ അത്തരം മരുന്നുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുമ്പോഴും വിപണിയിൽ അവ എത്രത്തോളം വിൽക്കുന്നുണ്ട് എന്നതിന് ആരോഗ്യവകുപ്പിൽ കണക്കുപോലുമില്ല. കൊണ്ടു നടക്കാനും സൂക്ഷിക്കാനും എളുപ്പമാണെന്നതും മണമോ മറ്റെന്തെങ്കിലും ലക്ഷണങ്ങളോ ഇല്ല എന്നതുമാണ് അത്തരം മരുന്നുകൾ ദുരുപയോഗം ചെയ്യുന്നതു കൂടാൻ കാരണം. പരാതി ഉയർന്നതോടെ നടപടിക്കൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.

ഷെഡ്യൂൾ എച്ച് വൺ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപന നടത്താൻ പാടില്ലെന്നാണു നിയമം. മാത്രമല്ല ഈ മരുന്നുകൾ ഏതു കമ്പനിയിൽ നിന്ന് എത്ര അളവിൽ വാങ്ങി, ഇത് ആർക്കൊക്കെ എത്ര അളവിൽ വിറ്റു എന്നതു സംബന്ധിച്ചു ഷെഡ്യൂൾ എച്ച് വൺ ഡ്രഗ് റജിസ്റ്റർ മെഡിക്കൽ ഷോപ്പുകൾ സൂക്ഷിച്ചു വയ്ക്കുകയും വേണം. ഇതിൽ വാങ്ങിയ ആളുടെ പേര്, വിലാസം, മൊബൈൽ നമ്പർ, വാങ്ങിയ അളവ് എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം. മരുന്നു നൽകിയാൽ കുറിപ്പടിയിൽ അതു രേഖപ്പെടുത്തണം. വീണ്ടും അതേ കുറിപ്പടി ഉപയോഗിച്ചു മരുന്നു വാങ്ങാതിരിക്കാനാണിത്.

എന്നാൽ അതൊന്നും പാലിക്കാതെ വ്യാപകമായി ചില മെഡിക്കൽ സ്റ്റോറുകളിൽ നിന്നു വിൽപന നടത്തുന്നുണ്ടെന്നാണു വിവരം. ഉറക്ക ഗുളികകൾ, വേദനാസംഹാരികൾ, മനോരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ, വിഷാദരോഗത്തിനുള്ള മരുന്നുകൾ, ചില പ്രത്യേകതരം ആന്റിബയോട്ടിക്കുകൾ, ക്ഷയരോഗത്തിനുള്ള മരുന്നുകൾ തുടങ്ങിവയാണ് എച്ച് വൺ ഷെഡ്യൂളിൽ പെട്ടത്. രോഗിയിൽ മരുന്നായി പ്രവർത്തിക്കുന്ന ഗുളികകൾ രോഗമില്ലാത്തവരിൽ ലഹരിയുടെ ഫലമാണ് ഉണ്ടാക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം ഉപയോഗിക്കുന്ന വേദനസംഹാരികളും ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നു.

റജിസ്റ്റർ കൃത്യമായി സൂക്ഷിക്കാത്തതിനാൽ മരുന്നുകൾ വിപണിയിൽ എത്രത്തോളം വരുന്നുണ്ടെന്നോ, എത്രമാത്രം ചെലവാകുന്നുണ്ടെന്നോ കൃത്യമായി മനസ്സിലാക്കാൻ ആരോഗ്യവകുപ്പിനു കഴിയുന്നില്ല. അതിഥിത്തൊഴിലാളികൾ അടക്കമുള്ളവർ ക്ഷയരോഗത്തിനുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങിക്കൊണ്ടു പോകുന്നതിനാൽ ക്ഷയരോഗികളെ കണ്ടെത്താനോ നിരീക്ഷിക്കാനോ സാധിക്കുന്നില്ല. ഇവർ ഇടകലർന്നു ജീവിക്കുന്നത് ക്ഷയരോഗം പടരാനും ഇടയാക്കും.

മിക്ക മെഡിക്കൽ സ്റ്റോറുകളിലും പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നു കണ്ടെത്തി. റജിസ്റ്റർ ഉള്ള സ്ഥലങ്ങളിൽ വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്നുമില്ല. മെഡിക്കൽ ഷോപ്പിലെ തിരക്കു മൂലം റജിസ്റ്റർ പരിപാലിക്കാൻ കഴിയുന്നില്ലെന്നാണ് ഇവരുടെ വിശദീകരണം. പരാതി ഉയർന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജില്ലയിലെ വിവിധ മെഡിക്കൽ സ്റ്റോറുകളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. അപാകത കണ്ടെത്തിയ മെഡിക്കൽ സ്റ്റോറുകൾക്കു മുന്നറിയിപ്പ് നൽകി. പിഴവ് ആവർത്തിച്ചാൽ ഡ്രഗ് കൺട്രോളർ മുഖേന മെഡിക്കൽ ഷോപ്പുകളുടെ ലൈസൻസ് റദ്ദാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Exit mobile version