Site icon Fourteen Kerala – 14 Kerala News

മഴക്കെടുതി: ഒരു മരണം; 19 വീടുകൾ തകർന്നു

കോഴിക്കോട്: മഴക്കെടുതിയിൽ ജില്ലയിൽ ഒരു മരണം കൂടി. ഒളവണ്ണയിൽ വെള്ളക്കെട്ടിൽ വീണ് കൈമ്പാലം ചെറുകല്ലോറ വിമല (70) ആണ് മരിച്ചത്. തുഷാരഗിരിയിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാടിന്റെ (22) മൃതദേഹമാണ് ചെക്ക് ഡാമിന് 100 മീറ്റർ താഴെ പാറക്കെട്ടിനിടയിൽ നിന്നു കണ്ടെത്തിയത്. കനത്ത മഴയിലും കാറ്റിലും 19 വീടുകൾ ഭാഗികമായി തകർന്നു. ഇന്നലെ 30.48 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 11 വില്ലേജുകളിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കോഴിക്കോട് താലൂക്കിൽ 2 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. ചേവായൂർ വില്ലേജിൽ വെള്ളം കയറിയ വീടുകളിൽ നിന്നു വെള്ളമിറങ്ങിയെങ്കിലും വാസയോഗ്യമാകാത്തതിനാൽ 5 കുടുംബങ്ങൾ ക്യാംപിൽ തുടരുന്നു. എരവട്ടൂർ വില്ലേജിൽ ജനതാ മുക്കിൽ കാപ്പുമ്മൽ കല്ല്യാണിയുടെ വീടിന്റെ മേൽക്കൂര ശക്തമായ മഴയിൽ പൂർണമായും തകർന്നു. ചെറുവണ്ണൂർ എഎൽപി സ്കൂളിന്റെയും ഹൈസ്കൂളിന്റെയും ഇടയിലുള്ള മതിൽ തകർന്നു വീണു. കൊയിലാണ്ടി താലൂക്കിൽ 10 വീടുകൾ ഭാഗികമായി തകർന്നു. വടകര താലൂക്കിൽ 4 വീടുകൾ തകർന്നു. താമരശ്ശേരി താലൂക്കിൽ  രണ്ടും  കോഴിക്കോട് താലൂക്കിൽ മൂന്നും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Exit mobile version