Site icon Fourteen Kerala – 14 Kerala News

ശുചിമുറിയുടെ ചുമർ സ്പൂൺകൊണ്ടു തുരന്നു റിമാൻഡ് പ്രതി; 3 മാസത്തിനുള്ളിൽ മതിൽ ചാടി രക്ഷപെട്ടത് 5 പേർ

കോഴിക്കോട് : ചികിത്സയ്ക്ക് എത്തിച്ച റിമാൻഡ് പ്രതി രക്ഷപ്പെടുന്നതിനിടയിൽ ബൈക്ക് അപകടത്തിൽ മരിച്ചതോടെ കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ സംബന്ധിച്ച് വീണ്ടും ആശങ്ക ഉയരുന്നു. കഴിഞ്ഞ 3 മാസത്തിനുള്ളിൽ ശരാശരി 5 പേരെങ്കിലും മതിൽ ചാടി രക്ഷപെട്ടിട്ടും സുരക്ഷ വർധിപ്പിക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. 

ഫെബ്രുവരിയിൽ അന്തേവാസികൾ തമ്മിലുള്ള അടിപിടിക്കിടെ ഇതര സംസ്ഥാന യുവതി മരിച്ചതോടെ കുതിരവട്ടത്തെ സുരക്ഷ ഏറെ വിവാദമായിരുന്നു. ഇതേ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേരുകയും സുരക്ഷ വർധിപ്പിക്കുന്നത് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു മാസം കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല. ഇടയ്ക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരുടെ നേതൃത്വത്തിലുള്ള യോഗങ്ങൾ മാത്രമാണ് നടക്കുന്ന ഏക കാര്യം. 

ഇന്നലെ തടവു ചാടിയ റിമാൻഡ് പ്രതി ശുചിമുറിയുടെ ചുമർ തുരന്നാണു രക്ഷപ്പെട്ടത്. കുതിരവട്ടത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ ആർക്കു വേണമെങ്കിലും തുരന്നു പുറത്തു പോകാൻ കഴിയുന്ന വിധത്തിലാണ്. പഴകിയ കെട്ടിടങ്ങൾ അടക്കം പൊളിച്ചു മാറ്റി പുതിയവ നിർമിക്കണമെങ്കിൽ മാസ്റ്റർ പ്ലാനിന് അംഗീകാരം കിട്ടണം. 400 കോടി രൂപയുടെ മാസ്റ്റർ പ്ലാനും 100 കോടി രൂപയുടെ ഡിപിആറും അംഗീകരിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണെന്നു പറയാൻ തുടങ്ങിയിട്ടു തന്നെ 2 മാസമായി.

അൽപം തിരുത്തലുകൾ കൂടി നടത്താനുണ്ടെന്നും അതിനു ഡിപിആർ തയാറാക്കുന്നവരോടു നിർദേശിച്ചുണ്ടെന്നും ഉടൻ സമർപ്പിക്കുമെന്നാണു വാദം. എന്നാൽ ഇത് ഇതുവരെ യാഥാർഥ്യമായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നീട്ടിക്കൊണ്ടു പോവുകയാണെന്നു പോലും ആരോപണമുണ്ട്. 

സുരക്ഷാ ജീവനക്കാരുടെ ഒഴിവുള്ള തസ്തികയിലേക്കുള്ള നിയമനവും പൂർത്തിയായിട്ടില്ല. പ്രത്യേക വൈദഗ്ധ്യം ഉള്ള ആരെയും നിയമിച്ചിട്ടില്ല . ആശുപത്രി വളപ്പിൽ ചുറ്റി നടന്നു നിരീക്ഷണം നടത്താൻ ഒരേ സമയം 2 പേരെ നിയമിക്കും, സിസിടിവി നിരീക്ഷിക്കാൻ പ്രത്യേക ജീവനക്കാരെ നിയമിക്കുമെന്നു പറഞ്ഞതും നടപ്പായില്ല. ചുറ്റുമതിലിന്റെ ഉയരം വർധിപ്പിക്കുമെന്നു പറഞ്ഞതു പോലും ഭാഗികമായി മാത്രമാണു നടപ്പാക്കിയത്.

Exit mobile version