Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ടൗണിലും പരിസരങ്ങളിലും പട്ടാപകല്‍ കാട്ടുപന്നിയുടെ ആക്രമണം

താമരശ്ശേരി: ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ് വേര്‍ കടക്കുള്ളിലെത്തിയ പന്നി വ്യാപക നാശ നഷ്ടം വരുത്തി. സമീപ പ്രദേശത്തെ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന മാതാവിനെയും മകളേയും പന്നി ആക്രമിച്ചു.ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് താമരശ്ശേരി ചുങ്കത്ത് കാട്ടുപന്നി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ബാലുശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ് വെയര്‍ സ്ഥാപനത്തിലാണ് പന്നി ആദ്യം എത്തിയത്. സംസ്ഥാന പാത മുറിച്ചു കടന്നെത്തിയ പന്നി കടക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഈങ്ങാപ്പുഴ സ്വദേശി ലിജോ ജോസഫിന് പന്നിയുടെ അക്രമത്തില്‍ പരുക്കേറ്റു. ഓടി മാറിയതിനാലാണ് ജീവനക്കാരും കടയിലെത്തിയവരും രക്ഷപ്പെട്ടത്.

കടയില്‍ വില്‍പ്പനക്ക് വെച്ച ഗ്ലാസുകള്‍ പന്നി കുത്തി തകര്‍ത്തു. ഇവിടെ നിന്ന് പുറത്തിറങ്ങിയ പന്നി സംസ്ഥാന പാത മുറിച്ചു കടന്ന് ചുങ്കം കയ്യേലിക്കുന്ന് ഭാഗത്തെത്തി. കയ്യേലിക്കുന്ന് പള്ളിക്ക് സമീപം താമസിക്കുന്ന ജുബൈരിയ, മകള്‍ ഫാത്തിമ നജ എന്നിവരെയും പന്നി ആക്രമിച്ചു. ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെ പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. താമരശ്ശേരി ടൗണില്‍ പോലും കാട്ടുപന്നികള്‍ താവളമാക്കിയത് നാട്ടുകാരെയും വ്യാപാരികളെയും ഭീതിയിലാക്കുകയാണ്.

Exit mobile version