Site icon Fourteen Kerala – 14 Kerala News

എം ജി സർവകലാശാല കൈക്കൂലി; എംബിഎ സെക്ഷൻ ഓഫീസർ ഐ സാജന് സസ്പെൻഷൻ

കോട്ടയം: എം ജി സർവകലാശാലയിൽ കൈക്കൂലി കേസില്‍ എംബിഎ സെക്ഷൻ ഓഫീസർ ഐ സാജന് സസ്പെൻഷൻ. അസിസ്റ്റന്റ് രജിസ്ട്രാർ ആസിഫ് മുഹമ്മദിനോട് വിശദീകരണം ചോദിക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സിൻഡിക്കേറ്റിന്റെ അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സാജൻ ജാഗ്രതക്കുറവും കൃത്യവിലോപവും കാട്ടിയെന്നായിരുന്നു സിൻഡിക്കേറ്റ് റിപ്പോർട്ട്. എംബിഎ വിഭാഗത്തിൽ ഉണ്ടായ വീഴ്ചകൾ ഗൗരവമായി എടുക്കാതിരുന്നതിനാണ് അസിസറ്റന്റ് റജിസ്ട്രാറോട് വിശദീകരണം ചോദിച്ചത്. കൈക്കൂലി വാങ്ങിയ ജീവനക്കാരി സി ജെ എൽസിയെ സസ്പെൻഡ് ചെയ്ത നടപടിക്ക് യോഗം അംഗീകാരം നൽകി. സമിതി ശുപാർശകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടർനടപടി സ്വീകരിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്മേലുള്ള നടപടിയും അന്വേഷണവും തുടരും. എൽസി രണ്ട് മാർക്ക് ലിസ്റ്റുകൾ തിരുത്തിയെന്ന സൂചനയും സിൻഡിക്കേറ്റ് സമിതിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. ടി.ഹരികൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തിയത്.

Exit mobile version