Site icon Fourteen Kerala – 14 Kerala News

കഞ്ചാവ് വിൽപ്പന ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യം; യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടുകയറി ലഹരി സംഘത്തിന്റെ ക്രൂരമായ ആക്രമണം, മൂന്നുപേർക്ക് പരിക്ക്

പാലക്കാട്: കഞ്ചാവ് വിൽപ്പന പൊലീസിൽ അറിയിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. യൂത്ത് കോൺഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളിവളപ്പിലിന്റെ വീടാണ് കല്ലൂർ പുല്ലുത്തിയിൽ വ്യാഴാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ റിന്റോയ്ക്കും സഹോദരൻ റിജോയ്ക്കും അമ്മ മേരീസിനും പരിക്കേറ്റു.

ചെവിക്കും കാലിനും പരിക്കേറ്റ റിന്റോയും കണ്ണിന് ഗുരുതരമായി പരിക്കേറ്റ റിജോയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൈയ്ക്ക് പരിക്കേറ്റ മേരീസ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നേടി. രാത്രി പത്ത് മണിയോടെ ഓട്ടോറിക്ഷയിലും ബൈക്കിലും എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

വീട്ടിനുള്ളിൽ കയറിയ പ്രതികൾ മേരീസിനെ പുറത്തേക്ക് വലിച്ചിഴച്ചുവെന്നാണ് പരാതി. ഇത് കണ്ടെത്തിയ റിജോയെ വാഹനത്തിന്റെ താക്കോലും ഇടിക്കട്ടയും ഉപയോഗിച്ച് കണ്ണിൽ ഇടിച്ചുവെന്നും പറയുന്നു. പിന്നാലെ വിവരം അറിഞ്ഞെത്തിയ റിന്റോയെ റോഡിലിട്ട് അക്രമികൾ മർദിച്ചു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോൾ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോയിൽ രക്ഷപ്പെട്ടു.

പ്രതികളിൽ ഒരാളായ സമീപവാസിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മാസങ്ങൾ മുമ്പ് കഞ്ചാവ് വിൽപ്പന നടത്തുന്നത് റിന്റോ പൊലീസിൽ അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു.

കുറ്റക്കാരെതിരെ ശക്തമായ നടപടി വേണമെന്നും പ്രദേശത്തെ ലഹരി സംഘങ്ങളെ പിടികൂടണമെന്നും കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ജെറോം ജോൺ, വാർഡ് മെമ്പർ സജിത രാജീവ് എന്നിവർ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ വീട് കയറി ആക്രമണം, കൊലപാതകശ്രമം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Exit mobile version