പൂച്ചാക്കൽ: വിവാഹ ആഘോഷങ്ങൾക്കായി ഒരുങ്ങിനിന്ന വീട്ടിലേക്ക് എത്തിയത് ഗൃഹനാഥന്റെ വിയോഗവാർത്ത. ഇളയ മകന്റെ വിവാഹത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി. പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് കോലേഴത്ത് പൊന്നപ്പൻ ആചാരിയാണ് (75) അന്തരിച്ചത്.
ശ്വാസതടസ്സത്തെത്തുടർന്ന് രണ്ടാഴ്ച മുൻപ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ, വ്യാഴാഴ്ച രാവിലെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച കാലടി സ്വദേശിനിയായ പെൺകുട്ടിയുമായി ഇളയ മകൻ പ്രേംജിത്തിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.
വീട്ടിൽ കല്യാണപ്പന്തലിലെ അലങ്കാരപ്പണികൾ തകൃതിയായി നടക്കുന്നതിനിടെ, വ്യാഴാഴ്ച വൈകിട്ടാണ് ഏവരെയും നടുക്കിക്കൊണ്ട് മരണവാർത്ത എത്തിയത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ജയ പൊന്നപ്പൻ. മക്കൾ: പ്രജീഷ്, പ്രേംജിത്ത്, പ്രവീണ. മരുമക്കൾ: വിനീത, രഞ്ചുകുമാർ.
