Site icon Fourteen Kerala – 14 Kerala News

നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിൽ പുറത്തിറങ്ങി

കൊച്ചി: മിനികൂപ്പർ അപകടക്കേസിലെ ഒന്നാംപ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്കൂളിൽ നിന്നാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് മോചനം. കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

എന്നാൽ ഒന്നാംപ്രതിയായ സുഹൈൽ സജീവിനെ പത്ത് ദിവസങ്ങൾക്കുശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥ കോടതി വെച്ചിരുന്നു. അതനുസരിച്ചാണ് നവംബർ 16-ന് ജാമ്യത്തിലിറങ്ങിയത്. ഒക്ടോബർ 11-നായിരുന്നു നാടിനെ നടുക്കിയ അപകടം. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ഇയാസ്, ദേവിക, ഗോപിക എന്നിവർ മരിച്ചു. അപകടദിവസം സുഹൈൽ പല ബാറുകളിലും കയറി മദ്യപിച്ചിരുന്നുവെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. അപകടസമയത്ത് കാർ അമിതവേഗത്തിലായിരുന്നെന്നും സുഹൈൽ മദ്യലഹരിയിലായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

Exit mobile version