Site icon Fourteen Kerala – 14 Kerala News

സന്തോഷത്തിന് അൽപായുസ് മാത്രം! റെക്കോർഡ് നിരക്കിൽ നിന്ന് കൂപ്പുകുത്തി റബർ വില; രണ്ടാഴ്ചക്കിടെ കുറഞ്ഞത് 12 രൂപ

കോട്ടയം: റബർ കർഷകരെ പ്രതിസന്ധിയിലാക്കി വിപണിയിൽ വില കുത്തനെ ഇടിഞ്ഞു. നവംബർ ആദ്യവാരം സർവകാല റെക്കോർഡ് നിരക്കിലെത്തിയ വിലയാണ് രണ്ടാഴ്ചക്കിടെ താഴേക്ക് പതിച്ചത്. 300 രൂപയായിരുന്ന ആർ.എസ്.എസ്-4 (RSS 4) ഗ്രേഡ് റബറിന്റെ റബർ ബോർഡ് വില നിലവിൽ 288 രൂപയായി കുറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ കിലോയ്ക്ക് ഏകദേശം 12 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

കൂലിച്ചെലവുകൾക്ക് ശേഷം മികച്ച ലാഭം പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് കനത്ത തിരിച്ചടിയാണ് ഈ വിലയിടിവ്. റബർ ഉൽപ്പാദക രാജ്യങ്ങളിലെ മോശം കാലാവസ്ഥയും ഉൽപ്പാദനക്കുറവും കാരണം നവംബർ ഒന്നിനാണ് ആർ.എസ്.എസ്-4 വില റെക്കോർഡ് നിരക്കായ 300 രൂപയിലെത്തിയത്. തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഉൽപ്പാദനം 30 ശതമാനത്തിലധികം കുറഞ്ഞതും ഇന്ത്യയിലെ ഉൽപ്പാദന ഇടിവും വില ഉയരാൻ കാരണമായിരുന്നു.

കൂടാതെ, കർഷകർ ഷീറ്റിന് പകരം ലാറ്റക്‌സായി വിൽക്കാൻ തുടങ്ങിയതോടെ വിപണിയിൽ ഷീറ്റ് ക്ഷാമം നേരിട്ടതും വില വർധനവിന് ആക്കം കൂട്ടി. വില ഇനിയും ഉയരുമെന്ന വിപണി വിദഗ്ധരുടെ പ്രവചനങ്ങൾ അസ്ഥാനത്താക്കിയാണ് ഇപ്പോഴത്തെ തിരിച്ചടി. സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ ടാപ്പിംഗ് സജീവമാവുകയും ഉൽപ്പാദനം വർധിക്കുകയും ചെയ്തതാണ് വില കുറയാൻ പ്രധാന കാരണമായത്.

എങ്കിലും അന്താരാഷ്ട്ര വിപണിയേക്കാൾ മികച്ച വില ഇപ്പോഴും ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നുണ്ട്. ബാങ്കോക്ക് വിപണിയിൽ ആർ.എസ്.എസ്-4ന് കിലോയ്ക്ക് 257 രൂപ മാത്രമാണ് നിലവിലെ നിരക്ക്. അതേസമയം, വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ ടയർ കമ്പനികൾ വിപണിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങൾ കാരണം വിദേശത്തുനിന്ന് റബർ ഇറക്കുമതി ചെയ്യാൻ കമ്പനികൾക്ക് സാധിക്കുന്നില്ല. അതിനാൽ വിപണിയിൽ നിന്ന് വിട്ടുനിന്ന് ആഭ്യന്തര വിപണിയിൽ വിലയിടിവ് സൃഷ്ടിക്കാനാണ് ടയർ കമ്പനികൾ ശ്രമിക്കുന്നതെന്നാണ് കർഷകരുടെയും വ്യാപാരികളുടെയും വിലയിരുത്തൽ.

Exit mobile version