Site icon Fourteen Kerala – 14 Kerala News

മരണകെണിയായി ലൈൻ…! ബാൽക്കണിയിൽ നിന്ന് മുറുക്കി തുപ്പുന്നതിനിടെ ഹൈടെൻഷൻ ലൈനിൽ നിന്ന് ഷോക്കേറ്റു; 65-കാരന് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ വിദിശ ജില്ലയിൽ ബാൽക്കണിയിൽനിന്ന് മുറുക്കി തുപ്പുന്നതിനിടെ ഹൈടെൻഷൻ ലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് 65-കാരൻ മരിച്ചു. വിദിശ ജില്ലയിലെ ഗഞ്ച്ബസോഡയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഛത്തർപുർ സ്വദേശിയായ പ്രഭുലാൽ ഗുപ്തയാണ് മരിച്ചത്. 11,000 വോൾട്ട് വൈദ്യുതി ലൈനിൽ തട്ടിയാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്.

കെട്ടിടനിർമാണ തൊഴിലാളിയായ പ്രഭുലാൽ കഴിഞ്ഞ പത്തുവർഷമായി ഈ അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് തുപ്പിയ ഉമിനീർ സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുമായി സമ്പർക്കത്തിൽ വന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റാണ് പ്രഭുലാൽ മരിച്ചത്.

അപകടത്തെത്തുടർന്ന് വൈദ്യുതി വിതരണ കമ്പനിക്കെതിരെ വൻ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. വീടുകൾക്ക് തൊട്ടടുത്ത് അപകടകരമായി കടന്നുപോകുന്ന ഉയർന്ന വൈദ്യുതി ലൈനിനെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്തെ വൈദ്യുതിത്തൂണുകളും ലൈനുകളും വിതരണ ട്രാൻസ്ഫോർമറുകളും അതീവ അപകടാവസ്ഥയിലാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നുവെന്ന് വീട്ടുടമകളിലൊരാളായ പദ്മ ചിദറും വ്യക്തമാക്കി. ലൈൻ മാറ്റിനൽകാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് ഇവർ പറഞ്ഞു. അപകടത്തിന് പിന്നാലെ പ്രദേശത്ത് വൈദ്യുതി ലൈനുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ശക്തമായിട്ടുണ്ട്.

Exit mobile version