Site icon Fourteen Kerala – 14 Kerala News

വടകരയിൽ സഹകരണ ആശുപത്രി പരിസരത്ത് ലഹരിവേട്ട; 39.5 ഗ്രാം എംഡിഎംഎയുമായി വടകര സ്വദേശികൾ ഉൾപ്പെടെ മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട് : വടകരയിൽ വൻ ലഹരിവേട്ട. 39.5 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ വടകര പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. വടകര പുതുപ്പണം സ്വദേശി ചന്ദനംപറമ്പ് സജീർ (40), പുതുപ്പണം സ്വദേശി കുന്നുമ്മൽത്താഴെ ഷബീർ (36), മലപ്പുറം പാണ്ടിക്കാട് സ്വദേശി പൂക്കുന്നുമ്മൽ ജംഷീദ് (31) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന KL 83 B 2461 നമ്പറിലുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബംഗളൂരുവിൽ നിന്നാണ് സംഘം വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ കേരളത്തിലേക്ക് കടത്തിയത്. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പ്രതികളെ കുറച്ചുദിവസങ്ങളായി രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് വടകര സഹകരണ ആശുപത്രി പരിസരത്തുവെച്ച് വാഹനം തടഞ്ഞുനിർത്തി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ ലഹരിമരുന്നുമായി കുടുങ്ങിയത്.

ബംഗളൂരുവിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് നൽകുന്ന വലിയൊരു ലഹരി റാക്കറ്റിലെ പ്രധാന കണ്ണികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പ്രതികൾക്ക് ലഹരിമരുന്ന് കൈമാറിയ മൊത്ത വിതരണക്കാരെക്കുറിച്ചും, ഇവരിൽ നിന്ന് സ്ഥിരമായി എംഡിഎംഎ വാങ്ങിയിരുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ഡാൻസാഫ് എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐമാരായ വി.വി. ഷാജി, ബിനീഷ്, സുനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷോബിത്, അഖിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അതുൽ, അനൂപ് സെൻ എന്നിവരടങ്ങിയ സംഘമാണ് വിജയകരമായി ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്.

Exit mobile version