Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കന്യാകുമാരി തിരുവിതാംകോട് സ്വദേശി മഷൂക് മുഹമ്മദ് അലിയാണ് വിളപ്പിൽശാല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം നവംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

തിരുവനന്തപുരത്തു നിന്ന് കാട്ടാക്കട വഴി വെള്ളറടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ വെച്ചാണ് ഇയാൾ യുവതിയോട് അതിക്രമം കാട്ടിയത്. അതിക്രമം ചോദ്യം ചെയ്ത യുവതി പ്രതിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായതോടെ വിളപ്പിൽശാല പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പൊലീസ് വലയിലാക്കിയത്. സോഷ്യൽ മീഡിയ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചെന്നൈയിൽ ഒളിവിലാണെന്ന് കണ്ടെത്തി. തുടർന്ന് വിളപ്പിൽശാല, മലയിൻകീഴ് പൊലീസ് സംഘം സംയുക്തമായി ചെന്നൈയിലെത്തി തിരച്ചിൽ നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

Exit mobile version