ന്യൂഡൽഹി: സി.എം.ആർ.എൽ-എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. മാസപ്പടി കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പര വിരുദ്ധ കാര്യങ്ങളാണുള്ളതെന്നും ജസ്റ്റിസ് ജോയ് മാല ബാഗ്ചി ചൂണ്ടിക്കാട്ടി. ഇ.ഡിയ്ക്കും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. അധികാര പരിധി കടക്കരുത് എന്ന് ഇ.ഡിയോട് സുപ്രീം കോടതി വ്യക്തമാക്കി.
വിജിലൻസ് കേസെടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ പിണറായിയുടെ അറസ്റ്റിന് സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി വിജയന് 82 വയസ്സ് ആയെന്നും അതിനാൽ ഇന്നുതന്നെ കേസ് പരിഗണിച്ച് ഇടക്കാല സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.എന്നാൽ, എല്ലാ ബെഞ്ചുകളിലും കേസുകളുടെ ബാഹുല്യം ആണെന്നും, അതിനാൽ അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഈ അപ്പീലുകളിൽ വാദം കേൾക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് ഹർജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു.
സി.എം.ആർ.എൽ.-എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ കേരള ഹൈക്കോടതിയുടെ വിധി ഉണ്ടായത് വ്യാഴാഴ്ചയാണ്. ഇതിനെതിരെ വെള്ളിയാഴ്ച പുലർച്ചെ 1.34-ന് ആണ് പിണറായി വിജയൻ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ഇ.ഡി. കൈമാറിയ വിവരങ്ങൾ കേസ് രജിസ്റ്റർ ചെയ്യാൻ പര്യാപ്തമല്ല, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാൻ ആകില്ല, സി.എം.ആർ.എല്ലിന് അനുകൂലമായി പ്രവർത്തിക്കുന്നതിനായി പണം ലഭിച്ചുവെന്നാണ് പറയുന്നത്.എന്നാൽ, എന്ത് ആനുകൂല്യമാണ് നൽകിയതെന്ന് വ്യക്തമാക്കുന്നില്ല. ആരാണ് ഈ ആനുകൂല്യം ആവശ്യപ്പെട്ടത്, എപ്പോഴാണ് അത് നൽകിയത്, ഏതെങ്കിലും പണമിടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പിണറായി വിജയനും മറ്റ് ഹർജിക്കാരും ഉന്നയിച്ച പ്രധാന വാദങ്ങൾ.
