പാലക്കാട്: കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ അധ്യാപിക ട്രാക്ടർ കയറി മരിച്ചു. കണ്ണാടി കുടുവക്കോട്കളം സ്വദേശി കെ.ആർ. രജിത (48) ആണ് മരിച്ചത്. പാലക്കാട് കാണിക്കമാതാ സ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു.
കണ്ണനൂർ എൻ.എച്ച്. ജങ്ഷന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. കുഴൽമന്ദത്തുള്ള സഹോദരിയുടെ വീട്ടിലേക്കും ശിവക്ഷേത്രത്തിലേക്കും പോകുന്നതിനിടെയാണ് രജിത അപകടത്തിൽപ്പെട്ടത്. രജിത സഞ്ചരിച്ച സ്‌കൂട്ടർ റോഡിലെ കുഴിയിൽ വീണ് മറിയുകയും, തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ രജിത സമീപത്തൂടെ സഞ്ചരിച്ച ട്രാക്ടറിന്റെ ചക്രത്തിനടിയിലേക്ക്പ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ്: വി. പ്രവീൺ (അമൃത വിശ്വവിദ്യാപീഠം, എട്ടിമട). മക്കൾ: ഭദ്ര (കോലഞ്ചേരി എസ്.എൻ.ജി.എസ് കോളജിലെ എൻജിനീയറിങ് വിദ്യാർഥിനി), ഗൗരി (കാണിക്കമാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി). അച്ഛൻ: കെ.ജി. രാജൻ. അമ്മ: അംബുജാക്ഷി. സഹോദരങ്ങൾ: കെ.ആർ. കവിത, അഡ്വ. കെ.ആർ. സവിത, കെ.ആർ. സജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ നടക്കും.
