കണ്ണൂർ: വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. കണ്ണൂർ വനിതാ ജയിലിലെ തടവുകാരായ റോഷ്‌നി സാവിയോ (34), റുബൈദ പി.കെ. (34) എന്നിവരിൽ നിന്നാണ് ലഹരി പിടികൂടിയത്. ഇരുവരും എംഡിഎംഎ വിൽപ്പന കേസിലെ പ്രതികളാണ്.
റോഷ്‌നി ആറുദിവസം മുൻപാണ് ജയിലിലെത്തിയത്, റുബൈദ രണ്ട് ദിവസം മുൻപും. 0.31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. തടവറയിൽ ഒരു ഗ്ലാസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.
ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലായിരുന്നു ലഹരി പിടികൂടിയത്. തുടർന്ന് ടൗൺ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ വച്ച് 194 ഗ്രാം എംഡിഎംഎയുമായി രണ്ട് ഉളിക്കൽ സ്വദേശികൾ പിടിയിലായിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി കൈമാറിയത് റോഷ്‌നിയാണെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് തൃശൂരിൽ നിന്ന് റോഷ്‌നി പിടിയിലാവുകയായിരുന്നു. റോഷ്‌നി പോക്‌സോ കേസിലും പ്രതിയാണ്.
സാബിറ എന്നാണ് യഥാർത്ഥ പേര്. പോക്‌സോ കേസിന് പിന്നാലെ ഒളിവിലായിരുന്നു. അന്താരാഷ്ട്ര ലഹരി മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്ന വിവരവുമുണ്ട്.
ന്യൂമാഹിയിൽ നിന്നാണ് റുബൈദ പിടിയിലായത്. റുബൈദയും സുഹൃത്തും വാടകവീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിവരികയായിരുന്നു. 16 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണ്.
