Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പരിശോധനയ്ക്കെത്തിയ എസ്.ഐയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തെന്ന് പരാതി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സ്‌കൂട്ടര്‍ പരിശോധിക്കാന്‍ ഒരുങ്ങിയ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.

ഫറൂഖ് കോളേജിന് സമീപം പള്ളിമീത്തല്‍ സ്വദേശി അന്താന്‍തോട്ടത്തില്‍ വീട്ടില്‍ മുഹമ്മദ് അനസി(24) നെയാണ് പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.പന്തീരാങ്കാവ് കിങ് ബാറിന് സമീപം ഡ്യൂട്ടിയിലായിരുന്ന പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ വിനോദിന് നേരെയാണ് കൈയ്യേറ്റമുണ്ടായത്.

തൂഫാന്‍ ഡ്രൈവിന്റെ ഭാഗമായി എസ്.ഐയും സംഘവും പന്തീരാങ്കാവ് കിങ് ബാറിന് സമീപം എത്തിയപ്പോള്‍ നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിന് മുകളില്‍ ഇരിക്കുകയായിരുന്നു അനസ്. തുടര്‍ന്ന് യുവാവിനോട് വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ”എന്റെ കൂട്ടുകാരന്റെ വണ്ടിയാണ്. വേണമെങ്കില്‍ അവനോട് ചോദിച്ചോ” എന്ന് മറുപടി പറഞ്ഞു. തുടര്‍ന്ന് വാഹനം പരിശോധിക്കാന്‍ ഒരുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ അനസ് അശ്ലീല ഭാഷയില്‍ അസഭ്യം പറയുകയും യൂണിഫോമില്‍ പിടിച്ചുവലിച്ചുകൊണ്ട് ആക്രമിക്കുകയുമായിരുന്നു.

ബലപ്രയോഗത്തിലൂടെയാണ് പൊലീസുകാര്‍ അനസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Exit mobile version