തൃശൂർ: തൃശൂർ കുട്ടനെല്ലൂരിലെ സർക്കാർ കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോളേജ് ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ നിരവധി വിദ്യാർത്ഥികൾക്ക് ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ വിദ്യാർത്ഥികളെ തൃശൂർ ജില്ലാ ആശുപത്രിയിലും സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. മിക്ക വിദ്യാർത്ഥികളുടെയും നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റലിലെ അടുക്കളയിൽ നിന്ന് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഹോസ്റ്റലിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ നേരത്തെ തന്നെ വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചിരുന്നതായും വിവരമുണ്ട്.കോളേജ് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
