ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള നിർണ്ണായക പ്രതിഷേധത്തിനായി ദില്ലിയിലേക്ക് തിരിക്കും മുമ്പ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ദില്ലിയിൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളെ മാധ്യമങ്ങൾക്ക് മുന്നിൽ ചോദ്യം ചെയ്തു.
രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്നും, സമരം തുടങ്ങുന്നതിന് മുന്നേ തന്നെ സർക്കാർ പരാജയം സമ്മതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അഭിജിത്ത് ദീപ്കെ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. “നരേന്ദ്ര മോദി ഒരു ഏകാധിപതിയാണ്.
അദ്ദേഹം ഭയന്നിരിക്കുകയാണ്, അതുകൊണ്ടാണ് ഡൽഹി മെട്രോയും റോഡുകളും എല്ലാം അടച്ചുപൂട്ടിയത്. രാജ്യത്തെ യുവാക്കളെ അദ്ദേഹം ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കുന്നത്?” എന്ന് ദീപ്കെ ചോദിച്ചു. സ്വന്തം പൗരന്മാർക്കെതിരെ പൊലീസിനെയും സൈന്യത്തെയും അഴിച്ചുവിടാൻ മാത്രം ഗ്യാനേഷ് കുമാർ സർക്കാരിന് പ്രിയപ്പെട്ടവനാണോ എന്നും, ജനങ്ങൾ ഇനി വോട്ട് ചെയ്യില്ലെന്ന ഭയമാണ് കേന്ദ്ര സർക്കാരിനെ നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാധാനപരമായി പ്രതിഷേധിക്കുക എന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19 ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് ദില്ലി പൊലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരെ പ്രതിരോധിക്കാനായി ദില്ലി പൊലീസിന്റെയും കേന്ദ്രസേനയുടെയും 40,000ത്തിലധികം ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
റോഡുകളിൽ ബാരിക്കേഡുകൾക്ക് പുറമേ താൽകാലിക മുള്ളുകമ്പികളും സ്ഥാപിച്ചു തുടങ്ങി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാൻഡി ഹൗസിൽ ആർഎഎഫ് ഫ്ലാഗ് മാർച്ച് നടത്തുകയും, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് 10 പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
