കൊല്ലം : കരുനാഗപ്പള്ളി ഗവ. ഗേൾസ് ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിക്ക് സഹപാഠികളിൽനിന്ന് ക്രൂരമായി മർദനമേറ്റതായി പരാതി. സ്കൂളിലെ ആളൊഴിഞ്ഞ മുറിയിലെത്തിച്ച് അഞ്ച് വിദ്യാർഥിനികൾ അടങ്ങുന്ന സംഘം മർദിക്കുകയും കുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ചെയ്തതായാണ് ലഭ്യമാകുന്ന വിവരം. മർദനത്തിൽ കണ്ണിന് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ തുടർചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ കുട്ടിയുടെ കാഴ്ചശക്തിയെ ബാധിച്ചേക്കുമോ എന്ന ആശങ്കയിലാണ് ബന്ധുക്കൾ.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ക്ലാസ് മുറിയിൽനിന്ന് കുട്ടിയെ ആളൊഴിഞ്ഞ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിച്ചും മറ്റും ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് ഉന്നയിക്കപ്പെട്ടിട്ടുള്ള പരാതിയിൽ പറയുന്നത്. എന്നാൽ, ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം സ്കൂൾ അധികൃതരിൽ ചിലർ സംഭവം പുറത്തറിയാതെ ഒതുക്കിതീർക്കാൻ ശ്രമിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. സ്കൂളിലെ അധ്യാപകരുടെ ഈ നിലപാടിനെതിരെ രക്ഷിതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സ്കൂൾ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. ഒരേ സ്കൂളിൽ പഠിക്കുന്ന കൂട്ടുകാരായ കുട്ടികൾ തമ്മിലുണ്ടായ സംഭവത്തിന്റെ ഗൗരവം പൂർണ്ണമായും ഉൾക്കൊണ്ട് ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചെന്നാണ് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. കുറ്റം ആരോപിക്കപ്പെടുന്ന വിദ്യാർഥിനികൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) വഴി കൗൺസലിങ് നടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു.
