Site icon Fourteen Kerala – 14 Kerala News

‘പാതയോരങ്ങളിൽ ഇനി അനധികൃത ഫ്ലെക്സുകൾ വേണ്ട’; നീക്കം ചെയ്യാത്തവർക്കെതിരെ ഇനി ക്രിമിനൽ കേസ്, കോഴിക്കോട് നടപടി ശക്തമാക്കുന്നു

കോഴിക്കോട് : പൊതു ഇടങ്ങളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി യോഗം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. അപകടകരമായ രീതിയിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ ക്രിമിനൽ കേസ് ആയി പരിഗണിച്ച് നടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുമായി ബന്ധപ്പെട്ട് കർശന നടപടികൾ സ്വീകരിക്കണം.

പരസ്യ ബോർഡുകൾ നീക്കം ചെയ്യാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ എഫ്ഐആർ ഇട്ട് കേസെടുക്കേണ്ടതാണ്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമുള്ള നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി ചേർന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ.കെ. ഹരീഷ്, ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി ബിബിൻ ബി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ആസിഫ് അഫ്സൽ എന്നിവർ പങ്കെടുത്തു.

യോഗത്തിന്റെ പ്രധാന തീരുമാനങ്ങൾ

  1. പാതയോരത്തു സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ, ഫ്ലെക്സുകൾ എന്നിവ അടിയന്തരമായി എടുത്തുമാറ്റുന്നതിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകുന്നതിന് തീരുമാനിച്ചു. ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലുള്ള കമ്മിറ്റി ചേരുന്നതിന് നിർദേശം നൽകാനും തീരുമാനിച്ചു.
  2. സർവകക്ഷിയോഗം പഞ്ചായത്ത് തലത്തിൽ വിളിച്ചുചേർക്കുന്നതിന് സെക്രട്ടറിമാർക്ക് നിർദേശം നൽകുന്നതിന് തീരുമാനിച്ചു.
  3. പോലീസ് സഹായത്തോടെ ബോർഡുകൾ എടുത്തുമാറ്റുന്നതിനും ആവശ്യമെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനും നടപടി സ്വീകരിക്കുന്നതിന് എസ്.എച്ച്.ഒമാർക്ക് നിർദേശം നൽകുന്നതിന് ജില്ലാ തല പോലീസ് മേധാവികളെ അറിയിക്കുന്നതിന് തീരുമാനിച്ചു.
  4. അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് തീരുമാനിച്ചു.
Exit mobile version