Site icon Fourteen Kerala – 14 Kerala News

മലബാറിലെ റെയിൽവേ സ്റ്റേഷനുകളോട് അവഗണന തുടരുന്നു; 11 സ്റ്റേഷനുകളിലായി 11.44 കോടി യാത്രക്കാരെന്ന് കണക്ക്

കോഴിക്കോട്: യാത്രക്കാരുടെയും വരുമാനത്തിന്റെയും എണ്ണം ഉയർന്നിട്ടും മലബാറിലെ റെയിൽവേ സ്റ്റേഷനുകളോടുള്ള റെയിൽവേയുടെ അവഗണന തുടരുകയാണെന്ന് കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. 11 സ്റ്റേഷനുകളിലായി പ്രതിവർഷം 11.44 കോടി യാത്രക്കാരുണ്ടെന്നാണ് കണക്ക്. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, വടകര, തിരൂർ, പയ്യന്നൂർ, കാസർകോട്, കുറ്റിപ്പുറം, കാഞ്ഞങ്ങാട്, കൊയിലാണ്ടി, ഷൊർണൂർ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന സ്റ്റേഷനുകൾ.

ഓണം, വിഷു, ദീപാവലി, ന്യൂഇയർ തുടങ്ങിയ ഉത്സവ സീസണുകളിൽ പ്രഖ്യാപിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾക്ക് കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ലെന്നാണ് യാത്രക്കാരുടെ സംഘടനയുടെ ആരോപണം. പല സ്പെഷ്യൽ ട്രെയിനുകളും കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിൽ മാത്രമാണ് നിർത്തുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.

അതേസമയം, കോട്ടയം മുതൽ കൊല്ലം വരെ മിനിറ്റുകളുടെ യാത്രാദൂരമുള്ള ചെറിയ സ്റ്റേഷനുകളിൽപ്പോലും സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നുണ്ടെന്നാണ് ആരോപണം. ഉത്സവ സീസണുകളിൽ നാട്ടിലെത്താൻ ടിക്കറ്റ് ലഭിക്കാതെ ആയിരക്കണക്കിന് യാത്രക്കാർ ബുദ്ധിമുട്ടുകയാണെന്നും സംഘടന പറയുന്നു.യാത്രക്കാരുടെ എണ്ണം കൂടുതലുള്ള കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം തുടങ്ങിയ സ്റ്റേഷനുകളിൽ സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ റെയിൽവേയുടെ വരുമാനം വർധിക്കുമെന്നും സംഘടന അഭിപ്രായപ്പെട്ടു.

Exit mobile version