Site icon Fourteen Kerala – 14 Kerala News

കുഴിയിൽ ഒളിഞ്ഞിരുന്ന പുലി പിറകിലേക്ക് ചാടി; നാദാപുരം കുമ്മങ്കോടിൽ സിനാനു നേരെ ഉണ്ടായത് പുലിയുടെ ആക്രമണം, 64ല​ധി​കം തു​ന്ന​ലു​കൾ

നാദാപുരം: നാദാപുരം കുമ്മങ്കോടിൽ സിനാനു നേരെ ഉണ്ടായത് പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരണം. ആക്രമണത്തിന് ശേഷം സമീപത്തെ വീട്ടുമാറ്റത്തിലൂടെ പുലി ഓടിമറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടുകൂടിയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ വനംവകുപ്പ് ഇതുവരെയും ഈ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.

ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിനാനു നേരെ വന്യജീവിയായ പുലിയിൽ നിന്നുണ്ടായത് അതിഭീകരമായ ആക്രമണമായിരുന്നു. തിങ്കളാഴ്ച വീടിനു പുറകുവശത്തെ പറമ്പിൽ പപ്പായ പറിക്കുന്നതിനായി ചുറ്റുപാടുകൾ വൃത്തിയാക്കുന്നതിനിടയിലാണ് സിനാനെ പുലി ആക്രമിച്ചത്. തൊട്ടടുത്തുണ്ടായിരുന്ന കുഴിയിൽ ഒളിഞ്ഞു കഴിഞ്ഞിരുന്ന പുലി സിനാന്റെ പിറകിലേക്ക് ചാടുകയായിരുന്നു.

പുലിയുമായുള്ള മൽപിടിത്തത്തിനിടയിലാണ് സിനാൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. ആക്രമണത്തിൽ കഴുത്തിന് പിൻഭാഗത്തും ചെവിക്ക് താഴെയുമായി ഉണ്ടായ ആഴത്തിലുള്ള മുറിവിൽ 64-ൽ അധികം തുന്നലുകളാണ് ഇടേണ്ടി വന്നത്. പുറത്തും നെഞ്ചിലും വയർ ഭാഗത്തും നഖം ഉപയോഗിച്ചുള്ള മാന്തൽ കാരണം നിരവധി സ്ഥലങ്ങളിൽ വേറെയും മുറിവുകളേറ്റിട്ടുണ്ട്. സിനാന് ചുമലിലും നടുവിനും വേദന കൂടിയതിനെ തുടർന്ന് ഓർത്തോപീഡിക് വിഭാഗത്തിന്റെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

Exit mobile version