Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് ആശങ്ക പടർത്തി വന്യജീവി ആക്രമണം; അജ്ഞാത ജീവിയെ കണ്ടെത്താൻ ഇന്ന് വൈകുന്നേരം തെർമൽ ഡ്രോൺ പരിശോധന

നാദാപുരം: നാദാപുരം കുമ്മങ്കോട് വന്യജീവിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ ഇന്ന് വൈകുന്നേരത്തോടെ തെർമൽ ഡ്രോൺ പരിശോധന നടത്തും. ഇതിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഈ പ്രദേശത്ത് മതപഠന കേന്ദ്രം ഉൾപ്പെടെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ഇതിനിടെ പ്രദേശത്തെ ആരാധനാലയത്തിൽ ഭക്ഷണം വിതരണം ചെയ്തതും വിവാദ മായിട്ടുണ്ട്. നൂറുകണക്കിനാളുകളാണ് ഭക്ഷണം വാങ്ങാനായി പ്രദേശത്ത് തടിച്ച് കൂടിയത്. വിദ്യാർത്ഥികൾ ഉൾപ്പെടെയാണ് ആരാധനാലയത്തിന് ചുറ്റുമുള്ള റോഡിൽ ക്യൂനിന്ന് തടിച്ച് കൂടിയത്.

അതേസമയം യുവാവിന് നേരെ അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായതിനെത്തുടർന്ന് വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്നലെ രാത്രിയും കനത്ത തെരച്ചിൽ നടത്തിയിരുന്നു. താമരശേരി, പെരുവണ്ണാമൂഴി, കുറ്റ്യാടി ആർ.ആർ.ടി (റപ്പിഡ് റെസ്‌പോൺസ് ടീം), കുറ്റ്യാടി ദുരന്ത നിവാരണ സേന അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്.

കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ മുഹമ്മദ് സിനാൻ എന്ന യുവാവിന് അജ്ഞാത ജീവിയുടെ കടിയേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ സിനാൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിനാനെ ആക്രമിച്ചത് പുലിയാണെന്നാണ് നാട്ടുകാർ ശക്തമായി സംശയിക്കുന്നത് എങ്കിലും, വനം വകുപ്പ് ഇതുവരെ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Exit mobile version