തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കെ.എസ്.ഇ.ബി. ജീവനക്കാരുമൊത്തുള്ള എ.ഐ. ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ. ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ ഈ നടപടി. അതേസമയം മറ്റു രാജ്യങ്ങളിൽ വീഡിയോ കാണാൻ സാധിക്കും.
പവർകട്ടുമായി ബന്ധപ്പെട്ട വിഷയം സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ വിമർശനമുയർന്നു. ഈ സമയത്താണ് കെ.എസ്.ഇ.ബി. ജീവനക്കാരുമൊത്തുള്ള മുഖ്യമന്ത്രിയുടെ എ.ഐ. ഡാൻസ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. തൃശ്ശൂർ സ്വദേശിയായ അഭിജിത്ത് ദുബായിലെ സുഹൃത്ത് അഖിലുമൊത്താണ് എ.ഐ. ഉപയോഗിച്ച് വീഡിയോ നിർമ്മിച്ചത്.
കെ.എസ്.ഇ.ബിയുടെ പവർകട്ടുമായി ബന്ധപ്പെട്ട ദുരിതത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച എ.ഐ. വീഡിയോ ജനം വൻതോതിൽ ഏറ്റെടുത്തിരുന്നു. നിലവിൽ മറ്റു ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വീഡിയോ ഉണ്ടെങ്കിലും അവ വൈകാതെ തന്നെ ഇന്ത്യയിൽ ലഭ്യമായേക്കില്ലെന്നാണ് വിവരം. വീഡിയോയിൽ എ.ഐ. വീഡിയോ ആണെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ നൽകിയിരുന്നു.
വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതികരണം നടത്തിയിരുന്നു. എ.ഐ. വീഡിയോയിൽ, മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിൽ താൻ നൃത്തം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.1.78 കോടി ആൾക്കാർ ഇതിനകം തന്നെ വീഡിയോ കണ്ടിട്ടുണ്ട്. അരലക്ഷത്തിലേറെ കമന്റുകളും ഉണ്ട്. ഇതൊന്നും തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഭിജിത്ത് പറയുന്നു. റിപ്പോർട്ട് ചെയ്തതുകൊണ്ടാണ് വീഡിയോ ഇന്ത്യയിൽ നീക്കം ചെയ്തിരിക്കുന്നതെന്ന് അഭിജിത്ത് പറയുന്നു.
