Site icon Fourteen Kerala – 14 Kerala News

ക്രൂരമായി ഭാര്യയെ കൊന്ന് തലയറുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചു; പൊലീസ് വാഹനത്തിൽ നിന്ന് ചാടി പ്രതി മരിച്ചു

ഗുവാഹട്ടി: ഭാര്യയെ കൊന്ന് തലറുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മരിച്ചു. ഗുവാഹത്തി സ്വദേശിയായ മുപ്പതുകാരൻ രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ വൈദ്യപരിശോധന കഴിഞ്ഞ് പ്രതിയെ ഹാതിഗാവ് പോലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പോലീസിനെ ആക്രമിച്ച ശേഷം ഓടുന്ന വാഹനത്തിൽ നിന്ന് താഴേക്ക് ചാടിയ ഇയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ പോലീസ് സംഘം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെപ്റ്റംബർ 3-നാണ് ഗുവാഹത്തിയിലെ ഫ്ലാറ്റിൽ വെച്ച് രാമാനുജ് ഗോസ്വാമി ഭാര്യയായ 25 കാരി റിയയെ കൊലപ്പെടുത്തിയത്.

ഭാര്യയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നൽകിയിരുന്നു. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം പരന്നതിനെ തുടർന്ന് അയൽവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ഫ്രിഡ്ജിൽ കറുത്ത പോളിത്തീൻ കവറിലായി സൂക്ഷിച്ച നിലയിൽ റിയയുടെ അറുത്തുമാറ്റിയ തലയും വിരലുകളും പോലീസ് കണ്ടെടുത്തു. തുടർന്ന് സെപ്റ്റംബർ 6-ന് പോലീസിന് മുന്നിൽ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയുമായിരുന്നു.

Exit mobile version