Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിയുടെ ശുചിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ചതായി പരാതി; 22കാരൻ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ 203-ാം നമ്പർ വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് പൊലീസിൽ പരാതി നൽകിയത്. ശുചിമുറിയിൽ കയറിയ സമയത്ത് യുവാവ് മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരാതി നൽകിയത്.തന്റെ പിതാവിന്റെ കൂട്ടിരിപ്പിനായി എത്തിയതായിരുന്നു കസ്റ്റഡിയിലായ യുവാവ്. സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവാവിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Exit mobile version