Site icon Fourteen Kerala – 14 Kerala News

ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടരുത്’; 18-അധ്യാപക തസ്തികയിലെ പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. സംസ്ഥാനത്തെ വിവിധ അധ്യാപക തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു.

സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന അധ്യാപക റാങ്ക് ലിസ്റ്റുകളാണ് ആറ് മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രൈമറി മുതൽ എച്ച്എസ്എസ്ടി വരെയുള്ള 18 റാങ്ക് പട്ടികകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. സെൻസസ്, ബിഎൽഒ ചുമതലകൾ, അന്തർജില്ലാ സ്ഥലംമാറ്റ നടപടികളിലെ കാലതാമസം, സ്റ്റാഫ് ഫിക്സേഷൻ വൈകിയത് തുടങ്ങിയ കാരണങ്ങളാൽ ഒഴിവുകൾ യഥാസമയം കണ്ടെത്തി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഉദ്യോഗാർത്ഥികൾക്ക് ഇതുമൂലം നിയമന അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് കാലാവധി നീട്ടി നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ലഹരിമരുന്നുകൾക്കെതിരായുള്ള ‘ഓപ്പറേഷൻ തൂഫാൻ’ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ പാലക്കാട്‌, മഞ്ചേരി, തൃശൂർ എന്നിവിടങ്ങളിലാണ് പുതിയ എൻഡിപിഎസ് കോടതികൾ അനുവദിച്ചിരിക്കുന്നത്.
ഈ മൂന്ന് കോടതികളിലുമായി 11 പേരെ വീതം പുതുതായി നിയമിക്കും. ഇതുവഴി ആകെ 33 പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ വഴി തടഞ്ഞ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള ചേന്തി അനിലിനെ വ്യക്തിപരമായി പരിചയമില്ലെന്ന് സതീശൻ പറഞ്ഞു. പരിപാടിയുടെ സംഘാടകന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് ആ പരിപാടി ഉപേക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ഇക്കാര്യം ഒരാഴ്ച മുൻപേ തന്നെ സംഘാടകരെ അറിയിച്ചിരുന്നു. ചെമ്പഴന്തിയിലേക്ക് പോകുന്ന വഴി ഇയാൾ വാഹനം തടയുകയും വളരെ മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. അവിടെയൊരു സംഘർഷം ഒഴിവാക്കാനാണ് താൻ തിരികെ വാഹനത്തിൽ കയറിയതെന്നും, പൊലീസ് സ്വമേധയാ ആണ് ഇതിൽ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Exit mobile version