കോഴിക്കോട് : മാടാക്കര പള്ളിയില്‍ ബൂട്ടിട്ട് കയറിയ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ സ്ഥലംമാറ്റ നടപടി. ഉത്തര മേഖല ഡിഐജിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പൊലീസിന് ജാഗ്രത കുറവുണ്ടായെന്നാണ് വിലയിരുത്തല്‍.
റൂറല്‍ എസ്പി ഇത് സംബന്ധിച്ച് ഉത്തരവ് ഉടനിറക്കും എന്നാണ് വിവരം. സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പൊലീസുകാർ പള്ളിയിൽ കയറിയത്.
ലീഗ് ഉള്‍പ്പടെ ഘടക കക്ഷികളും സാമുദായിക സംഘടനകളും പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. ചോമ്പാല എസ്എച്ച്ഒ ഷമീല്‍ അടക്കം സ്റ്റേഷനിലെ അഞ്ച് പേരെയാണ് സ്ഥലം മാറ്റിയത്.
മനോജന്‍ എം വി, മനോജ് കുമാര്‍ കെ വി, അനില്‍ കുമാര്‍ എന്‍ പി, പ്രവീണ്‍ കുമാര്‍ സി എന്നീ എസ്സിപിഒ മാരും സ്ഥലം മാറ്റിയവരുടെ കൂട്ടത്തിലുണ്ട്. ജില്ലാ ആസ്ഥാനത്തേക്കാണ് എല്ലാവരെയും മാറ്റിയിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് മാടാക്കര പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായത്. പിന്നാലെ പൊലീസ് ബൂട്ടിട്ട് പള്ളിക്കുള്ളില്‍ പ്രവേശിക്കുകയും ലാത്തി വീശുകയും ചെയ്തിരുന്നു. മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
വര്‍ഷങ്ങളായി പള്ളിയുമായി ബന്ധപെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പൊലീസ് നടപടിക്ക് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. വിഷയത്തില്‍ ലീഗിനെതിരെ വിമര്‍ശനവുമായി സിപിഐഎം അടക്കം രംഗത്ത് വന്നു.
അടുത്തിടെ പാണക്കാട് വെച്ച് നടത്തിയ ചര്‍ച്ചയില്‍ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച്ച ജുമ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ നടന്ന നബിദിനവുമായി ബന്ധപ്പെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തില്‍ മൗലീദ് പാരായണം നടത്തിയെന്നാരോപിച്ച് ഔദ്യോഗിക മഹല്ല് കമ്മിറ്റിക്കെതിരെ എതിര്‍ വിഭാഗം സംഘടിക്കുകയും വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
സംഘര്‍ഷം ഉണ്ടായ ദിവസം ഉച്ച മുതല്‍ സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ ചോമ്പാല പൊലീസ് സ്റ്റേഷനില്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ച് വരുത്തി ചര്‍ച്ച നടത്തിയിരുന്നു.
രാത്രിയോടെ പ്രശ്നം വഷളായതിനെ തുടര്‍ന്ന് മഹല്ല് കമ്മിറ്റി ചോമ്പാല പൊലീസില്‍ വിവരം അറിയ്ക്കുകയും പള്ളിക്കുള്ളില്‍ കയറി ലാത്തി വീശുകയുമായിരുന്നു. പള്ളിക്കകത്ത് പൊലീസിനെ കയറ്റിയതിനെതിരെ വിമത പക്ഷവും രംഗത്തെത്തിയിരുന്നു.
