Site icon Fourteen Kerala – 14 Kerala News

കടൽത്തീരത്ത് മീൻ അടിഞ്ഞത് എടുക്കാൻ പോകണം, വാ…’; വീട്ടിൽ നിന്ന് ഭാര്യയെ വിളിച്ചിറക്കി കൊന്ന് ചാക്കിലാക്കി, ഭർത്താവിനായി തിരച്ചിൽ

മലപ്പുറം : പുഴയിൽ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽ കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനായി തിരച്ചിൽ . പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണു മരിച്ചത്. കൊലപാതകമെന്ന സംശയത്തിൽ മത്സ്യത്തൊഴിലാളിയായ ഭർത്താവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ബുധനാഴ്‌ച രാത്രി ഒരു മണിക്കു ശേഷം ഫൗസിയയെ ഭർത്താവ് ഹുസൈൻ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. കടൽത്തീരത്ത് മീൻ അടിഞ്ഞെന്നും എടുക്കാൻ പോകണമെന്നും പറഞ്ഞാണ് കൊണ്ടുപോയത്. വ്യാഴാഴ്‌ച രാത്രിയായിട്ടും ഇരുവരും വീട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെ മക്കൾ പൊലീസിൽ വിവരമറിയിച്ചു. അന്വേഷണം നടക്കുന്നതിനിടെയാണ് ഫൗസിയയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽ കണ്ടെത്തിയത്.

കടലിലേക്കു പോകാനൊരുങ്ങിയ വള്ളത്തിലെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങുകയായിരുന്നു. ഇതു വലിച്ചെടുത്തു നോക്കിയപ്പോഴാണ് അറ്റത്ത് ചാക്ക് കണ്ടത്. ഇതോടെ പൊലീസിനെ വിവരമറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ചാക്കിൽ ഫൗസിയയുടെ മൃതദേഹമാണെന്നു മനസ്സിലാക്കിയത്.ഹുസൈൻ സ്ഥിരമായി മദ്യവും ലഹരിയും ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സ്‌ഥിരമായി വീട്ടിൽ കലഹമുണ്ടാക്കാറുണ്ട്. ബുധനാഴ്ച വൈകിട്ടും ഫൗസിയയുമായി വഴക്കി ദേഷ്യത്തിൽ ഫോൺ എറിഞ്ഞു പൊട്ടിച്ചു. അന്നു രാത്രിയാണ് ഫൗസിയയെ വിളിച്ചു കൊണ്ടുപോയത്.

കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശരീരത്തിന്റെ പിൻവശത്ത് മുറിവുണ്ട്. ഇത് നങ്കൂരം തട്ടിയുണ്ടായതാകുമെന്നാണ് കരുതുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ഫൗസിയ സമീപത്തുള്ള വീടുകളിൽ ജോലിക്കു പോകുന്നയാളാണ്. മക്കൾ: ഷബീബ്, ബിൻസി.

Exit mobile version