Site icon Fourteen Kerala – 14 Kerala News

ഇത് കൊച്ചി സ്‌ക്വാഡ്; നക്സൽ ബാധിത മേഖലയിൽ അർധരാത്രി സാഹസിക ദൗത്യം; ഒഡിഷയിൽ നിന്ന് 13കാരിയെ 4,000 കിലോമീറ്റർ സഞ്ചരിച്ച് കേരള പൊലീസ് രക്ഷപ്പെടുത്തി

കൊച്ചി: സിനിമയിൽ മാത്രം കാണുന്ന തരത്തിലുള്ള സാഹസികമായ പൊലീസ് ദൗത്യത്തിന് സാക്ഷിയായി കേരള പൊലീസ്. കൊച്ചി കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ 13കാരിയെ ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് അതിസാഹസികമായി കണ്ടെത്തി രക്ഷപ്പെടുത്തി.

ഏകദേശം 4,000 കിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ചാണ് കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പെൺകുട്ടിയെ കണ്ടെത്തി സുരക്ഷിതമായി കേരളത്തിലേക്ക് തിരിച്ചെത്തിച്ചത്. മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ യാത്രയും അർധരാത്രിയിലെ രക്ഷാദൗത്യവും.

ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് ഒഡിഷ സ്വദേശികളായ ദമ്പതികൾ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേത്തല മേഖലയിലും സമീപ പ്രദേശങ്ങളിലും പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും തുടക്കത്തിൽ കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല.

തുടർന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചപ്പോൾ, സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി പെൺകുട്ടിക്ക് സൗഹൃദമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ കുറുപ്പംപടിയിൽ നിന്നുള്ള പൊലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതും അന്വേഷണത്തിന് വലിയ വെല്ലുവിളിയായി.

തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഘം ഓഗസ്റ്റ് 18ന് ഒഡിഷയിലെത്തി അന്വേഷണം ഊർജിതമാക്കി. തുടർ അന്വേഷണത്തിലാണ് പെൺകുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരം ലഭിച്ചത്.
എന്നാൽ നബാഗൊച്ച സ്ഥിതിചെയ്യുന്ന പ്രദേശം നക്സൽ ബാധിത മേഖലയാണെന്ന് ബഞ്ചനഗർ പൊലീസ് അറിയിച്ചു. പകൽ സമയത്ത് പൊലീസ് വാഹനങ്ങൾക്ക് പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്നും അപകടസാധ്യത കൂടുതലാണെന്നും പ്രാദേശിക പൊലീസ് മുന്നറിയിപ്പ് നൽകി. ഇതോടെ അർധരാത്രിയിൽ പ്രദേശത്തേക്ക് പ്രവേശിച്ച് ദൗത്യം പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു.

എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിന് സുരക്ഷ നൽകുന്നതിനായി നിയോഗിച്ചു. കുറുപ്പംപടിയിൽ നിന്നുള്ള അന്വേഷണ സംഘത്തിനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. രാത്രി 12 മണിയോടെ പൊലീസ് സംഘം വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെയായി വാഹനങ്ങൾ നിർത്തി.

അതിനുശേഷം പൊലീസ് ഉദ്യോഗസ്ഥർ ഒറ്റനിരയായി കാട്ടിലൂടെ നടന്ന് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന അഞ്ച് വീടുകൾക്കിടയിൽ നിന്ന് അലോകിന്റെ വീട് കണ്ടെത്തുക എന്നതും ഏറെ ദുഷ്കരമായിരുന്നു. ഒടുവിൽ വീട് തിരിച്ചറിഞ്ഞ പൊലീസ് സംഘം അത് വളഞ്ഞു. ഇതിനിടെ സമീപത്തെ വീടുകളിലുള്ളവരും ഉണർന്നു. വാക്കുതർക്കത്തിനൊടുവിൽ പൊലീസ് അലോകിനെയും കാണാതായ പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു.തുടർന്ന് അപകടസാധ്യത നിറഞ്ഞ നക്സൽ ബാധിത മേഖലയിൽ നിന്ന് പെൺകുട്ടിയെയും അലോകിനെയും സുരക്ഷിതമായി ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഏകദേശം 4,000 കിലോമീറ്റർ സഞ്ചരിച്ച അന്വേഷണ സംഘം പെൺകുട്ടിയുമായി കേരളത്തിലേക്ക് മടങ്ങി.

സബ് ഇൻസ്‌പെക്ടർ കെ.എം. അബി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ.പി. ബിന്ദു, അരുൺ കെ. കരുണൻ, രജിത് രാം എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സാങ്കേതിക അന്വേഷണവും പ്രാദേശിക പൊലീസിന്റെ സഹകരണവും ധൈര്യപൂർവമായ രാത്രിദൗത്യവും ഏകോപിപ്പിച്ചാണ് കേരള പൊലീസ് 13കാരിയെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തിച്ചത്.

Exit mobile version